കുടിശ്ശികയുള്ളവർക്കെതിരെ ബാങ്കിന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാകില്ല: ബോംബെ ഹൈക്കോടതി
അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തെ സർക്കുലറുകൾ ലംഘിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു
മുംബൈ: കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ ഗൗതം എസ് പട്ടേൽ, ജസ്റ്റിസ് മാധവ് ജെ ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒരു കൂട്ടം ഹരജികളിൽ വിധി പുറപ്പെടുവിപ്പിച്ചത്.
ബാങ്കുകളിൽ നിന്ന് കടമെടുത്ത് കുടിശിക വരുത്തിയ ഇന്ത്യൻ പൗരന്മാരോ വിദേശികളോ ആയവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അവകാശമില്ല. പൊതുമേഖലാ ബാങ്കുകളിൽ കടമുള്ളവരുടെ വിദേശയാത്ര തടയാൻ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറുകൾ റദ്ദാക്കി.
2022 ജൂലൈ 18 ന് വാദം പൂർത്തിയാക്കിയ കേസിൽ ഒന്നര വർഷത്തിന് ശേഷമാണ് ബെഞ്ച് വിധി പ്രഖ്യാപിച്ചത്. 2010 ഒക്ടോബർ 27 മുതലാണ് മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടയുടെയോ സർക്കുലറുകളുടെയോ അടിസ്ഥാനത്തിൽ എൽ.ഒ.സികൾ ഇഷ്യൂ ചെയ്തു തുടങ്ങിയത്. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പ്രസിദ്ധീകരിച്ച എൽ.ഒ.സികൾ ഒരു വ്യക്തിയെ ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത് തടയാൻ അധികാരികളെ അനുവദിച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളെ സർക്കുലറുകൾ ലംഘിക്കുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ ബീരേന്ദ്ര സറഫ് മുഖേന ഹരജിക്കാർ വാദിച്ചു. ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യം ഒരു പൊതുമേഖലാ ബാങ്കിന്റെ സാമ്പത്തിക താൽപ്പര്യങ്ങളുമായി തുലനം ചെയ്യാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഡെറ്റ് റിക്കവറി ട്രിബ്യൂണലോ (ഡി.ആർ.ടി) ക്രിമിനൽ കോടതിയോ പുറപ്പെടുവിച്ച നിലവിലുള്ള നിയന്ത്രണ ഉത്തരവുകളെ നിലവിലെ വിധി ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശയാത്രയ്ക്കുള്ള മൗലികാവകാശം നീതിന്യായ വ്യവസ്ഥയിലൂടെയോ നിയന്ത്രണ നിയമത്തിലൂടെയോ വെട്ടിക്കുറയ്ക്കാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.
Adjust Story Font
16