യു.പിയില്‍ ബാങ്ക് ഉദ്യോഗസ്ഥ തൂങ്ങിമരിച്ചു; മരണത്തിന് ഉത്തരവാദികള്‍ പൊലീസുകാരെന്ന് കുറിപ്പ്
ആത്മഹത്യാക്കുറിപ്പില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാങ്ക് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സഹൻഗഞ്ച് ശാഖയിലെ ഡപ്യൂട്ടി മാനേജരായ ശ്രദ്ധ ഗുപ്തയെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസ്സായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടങ്ങിയെന്ന് അയോധ്യ സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ അറിയിച്ചു.
2015ൽ ക്ലർക്കായാണ് ശ്രദ്ധ ഗുപ്ത ജോലിയിൽ പ്രവേശിച്ചത്. ഡിപ്പാർട്ട്‌മെന്‍റൽ പരീക്ഷകളിൽ വിജയിച്ച് സ്ഥാനക്കയറ്റം നേടി ഡപ്യൂട്ടി മാനേജരായി. 2018 മുതൽ ഫൈസാബാദിലാണ് ശ്രദ്ധ ഗുപ്ത ജോലി ചെയ്തിരുന്നത്. ലഖ്നൌവിലെ രാജാജിപുരം സ്വദേശിയാണ് ശ്രദ്ധ ഗുപ്ത.
ഇന്ന് രാവിലെ പാല്‍ക്കാരന്‍ ശ്രദ്ധയുടെ വീട്ടിലെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയാള്‍ വീട്ടുടമസ്ഥനെ അറിയിക്കുകയായിരുന്നു. ഒരുപാടു തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തന്‍റെ മരണത്തിന് ഉത്തരവാദികള്‍ രണ്ട് പൊലീസ് ഓഫീസര്‍മാരാണ് എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ പൊലീസുകാര്‍ക്കെതിരായ പരാതി എന്താണെന്ന് കുറിപ്പില്‍ നിന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
"അയോധ്യയിലെ വനിതാ പിഎൻബി ജീവനക്കാരി തന്‍റെ ആത്മഹത്യാ കുറിപ്പിൽ പൊലീസുകാരെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ക്രമസമാധാന നിലയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ പേര് പോലും ഉയർന്നുവരുന്നത് വളരെ ഗുരുതരമായ വിഷയമാണ്. ജുഡീഷ്യൽ അന്വേഷണം തന്നെ വേണം"- എസ്പി നേതാവ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
अयोध्या में पंजाब नेशनल बैंक की महिला कर्मचारी की आत्महत्या मामले में मिले सुसाइड नोट में जिस प्रकार पुलिस के लोगों पर सीधा आरोप है वो उप्र में बदहाल क़ानून-व्यवस्था का कड़वा सच है। इसमें सीधे एक आईपीएस अफ़सर तक का नाम आना बेहद गंभीर मुद्दा है।
— Akhilesh Yadav (@yadavakhilesh) October 30, 2021
इसकी उच्च स्तरीय न्यायिक जाँच हो।
Adjust Story Font
16