ബിബിസി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നു: ബി.ജെ.പി
ബിബിസി ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോർപ്പറേഷനാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ
ഗൗരവ് ഭാട്ടിയ
ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിനെ ന്യായീകരിച്ച് ബി.ജെ.പി. ബിബിസി ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോർപ്പറേഷനാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. സർക്കാർ ഏജന്‍സികള്‍ കൂട്ടിലടച്ച തത്തയല്ലെന്നും ഏജന്‍സികള്‍ അവരുടെ ജോലി ചെയ്യട്ടെയെന്നും ബി.ജെ.പി വക്താവ് പ്രതികരിച്ചു.
ഇന്ത്യയ്‌ക്കെതിരെ ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചതിന്‍റെ കളങ്കിതമായ, ഇരുണ്ട ചരിത്രം ബിബിസിക്കുണ്ടെന്ന് ഗൗരവ് ഭാട്ടിയ ആരോപിച്ചു- "ബിബിസി ബുർഹാൻ വാനിയെന്ന ഭീകരനെ ഊര്‍ജ്വസ്വലനായ യുവ വിപ്ലവകാരിയെന്നും ഹോളിയെ വൃത്തികെട്ട ഉത്സവമെന്നും വിശേഷിപ്പിച്ചു. ഇത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ്? ഞങ്ങളുടെ ആഘോഷങ്ങളെ കുറിച്ച് നിങ്ങൾക്ക് (ബിബിസി) എന്തറിയാം? ബിബിസി ഇന്ത്യയിൽ പ്രവർത്തിക്കുന്നു. എന്നിട്ട് നമ്മുടെ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. 1946ൽ ഇന്ത്യയെ മോചിപ്പിക്കുന്നതിൽ മഹാത്മാഗാന്ധി പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ഞങ്ങളുടെ നേതാക്കളെ അപമാനിച്ചു. ബിബിസി ഇന്ത്യവിരുദ്ധ പ്രചരണം നടത്തുന്നു. എല്ലാവര്‍ക്കും ഇവിടെ പ്രവര്‍ത്തിക്കാം. പക്ഷെ വിഷം ചീറ്റരുത്"- ഗൗരവ് ഭാട്ടിയ പറഞ്ഞു.
ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അദാനിക്കെതിരെ പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബിബിസിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രത്തിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം കോൺഗ്രസ് ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയാണെന്ന് ഗൌരവ് ഭാട്ടിയ പറഞ്ഞു- "മോദിയോടുള്ള വെറുപ്പ് കാരണം അന്വേഷണ ഏജൻസിയുടെ പ്രവർത്തനത്തെ പോലും നിങ്ങൾ രാഷ്ട്രീയവത്കരിക്കുന്നു. നിങ്ങൾ എല്ലായ്പ്പോഴും സുപ്രിംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യംചെയ്യുന്നു"
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിബിസിയിലെ റെയ്ഡിനെ പരിഹസിച്ച് രംഗത്തെത്തി. ആദ്യം ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചു. അദാനിക്കെതിരെ ജെ.പി.സി അന്വേഷണമില്ല. ഇപ്പോൾ ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയോ? എന്നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. എത്ര അപ്രതീക്ഷിതമായിരുന്നു റെയ്‌ഡെന്ന് തൃണമൂൽ എം.പി മഹുവ മൊയ്ത്ര പരിഹസിച്ചു. പ്രത്യയശാസ്ത്രപരമായ അടിയന്തരാവസ്ഥയെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു.
Summary- The BJP leader Gaurav Bhatia claimed that BBC has a tainted and black history of working with malice against India
Adjust Story Font
16