Quantcast

മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത കർണാടക മന്ത്രി ബി.സി നാഗേഷ് തോറ്റത് 91% ഹിന്ദു ജനസംഖ്യയുള്ള മണ്ഡലത്തിൽ

കർണാടകയിൽ ഹിജാബ് നിരോധനത്തിനും പാഠപുസ്തകങ്ങൾ കാവിവത്കരിക്കാനും നേതൃത്വം കൊടുത്ത വിദ്യാഭ്യാസമന്ത്രിയാണ് ബി.സി നാഗേഷ്‌

MediaOne Logo

Web Desk

  • Published:

    14 May 2023 3:39 PM GMT

BC Nagesh lost in a constituency with 91% Hindu population
X

ബംഗളൂരു: മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത കർണാടക വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് തോറ്റത് 91% ഹിന്ദു ജനസംഖ്യയുള്ള മണ്ഡലത്തിൽ. തിപ്റ്റൂർ മണ്ഡലത്തിൽ 17,652 വോട്ടിനാണ് നാഗേഷ് കോൺഗ്രസിന്റെ കെ ഷദാക്ഷരിയോട് തോറ്റത്. 91.37% ആണ് ഇവിടത്തെ ഹിന്ദു ജനസംഖ്യ. 7.82% മുസ്‌ലിംകൾ മാത്രമാണ് ഇവിടെയുള്ളത്.

ശിവമൊഗ്ഗയിലെ പ്രാദേശിക ഉത്സവത്തിൽ മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരിക്കാനുള്ള ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനത്തെ പരസ്യമായി പിന്തുണച്ച് നാഗേഷ് രംഗത്തെത്തിയിരുന്നു. നിയമസംവിധാനത്തെ അംഗീകരിക്കാത്തതിന്റെ തിരിച്ചടിയാണ് ഇതെന്നും ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടാവുമെന്നുമായിരുന്നു അന്ന് നാഗേഷിന്റെ പ്രതികരണം.

കർണാടകയിലെ ഹിജാബ് നിരോധനത്തിന് മുൻകൈ എടുത്തതും വിദ്യാഭ്യാസമന്ത്രിയായിരുന്നു നാഗേഷ് ആയിരുന്നു. ഹിജാബ് ധരിച്ച് വിദ്യാർഥികളെ കോളജിൽ പ്രവേശിക്കാനോ പരീക്ഷ എഴുതാനോ അനുവദിക്കില്ലെന്നും ഈ അക്കാദമിക് വർഷത്തിലും അത് മാറ്റമൊന്നും ഉണ്ടാവില്ലെന്നും ഏതാനും ആഴ്ചകൾക്ക് മുമ്പും നാഗേഷ് ആവർത്തിച്ചിരുന്നു. കർണാടകയിലെ പാഠപുസ്തകങ്ങൾ കാവിവത്കരിക്കാനുള്ള നീക്കങ്ങൾക്കും നാഗേഷ് നേതൃത്വം നൽകിയിരുന്നു.

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനൊപ്പം എ.ബി.വി.പിയിലൂടെയാണ് ബി.സി നാഗേഷ് രാഷ്ട്രീയത്തിലിറങ്ങിയത്. 2021 ഡിസംബറിൽ ഉഡുപ്പിയിലെ പി.യു കോളജിലെ ആറ് വിദ്യാർഥികളെ ഹിജാബ് ധരിച്ചതിന്റെ പേരിൽ പുറത്താക്കിയതിനെ തുടർന്നാണ് കർണാടകയിൽ ഹിജാബ് വിവാദം ആരംഭിച്ചത്. തങ്ങളുടെ ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതിയിലും സുപ്രിംകോടതിയിലം ഹരജി നൽകിയിരുന്നു. ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രിയായ നാഗേഷ് സ്വീകരിച്ചത്.

TAGS :

Next Story