Quantcast

മത്സരാര്‍ഥികള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവരായിരിക്കണം, സമ്മാനം എന്‍.ആര്‍.ഐ വരന്‍; വിവാദമായി സൗന്ദര്യ മത്സരം

മത്സരവുമായി ബന്ധപ്പെട്ട് സംഘാടകര്‍ നല്‍കിയ പരസ്യം ബതിന്‍ഡ പൊലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    15 Oct 2022 5:27 AM GMT

മത്സരാര്‍ഥികള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവരായിരിക്കണം, സമ്മാനം എന്‍.ആര്‍.ഐ വരന്‍; വിവാദമായി സൗന്ദര്യ മത്സരം
X

ബതിന്‍ഡ: വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുക പതിവാണ്. മത്സരത്തിലെ വിജയിയെ കിരീടമണിയിക്കുകയും ചെയ്യും. എന്നാല്‍ പഞ്ചാബിലെ ബതിന്‍ഡയില്‍ നടക്കാന്‍ പോകുന്ന സൗന്ദര്യ മത്സരം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കാരണം മത്സരത്തില്‍ ഒന്നാമതെത്തുന്ന സുന്ദരിക്ക് ഒരു എന്‍.ആര്‍.ഐ വരനെയാണ് സമ്മാനമായി ലഭിക്കുക.

മത്സരവുമായി ബന്ധപ്പെട്ട് സംഘാടകര്‍ നല്‍കിയ പരസ്യം ബതിന്‍ഡ പൊലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. ''ബതിൻഡ നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ ആക്ഷേപകരമായ പോസ്റ്ററുകൾ ഒട്ടിക്കുകയും സ്ത്രീകൾക്കെതിരെ അസഭ്യ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു'' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. കനേഡിയന്‍ എന്‍.ആര്‍.ഐ വരനെയാണ് വിജയിക്ക് സമ്മാനമായി നല്‍കുന്നതെന്നും പരസ്യത്തിലുണ്ട്. ബതിൻഡയിലെ അജീത് റോഡ് ഏരിയയിലാണ് മത്സരത്തിന്‍റെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സുന്ദരികളായ പെൺകുട്ടികൾക്കുള്ള മത്സരം എന്നെഴുതിയ പോസ്റ്ററില്‍ മത്സരാർത്ഥികൾ ഉയർന്ന ജാതിയിൽപ്പെട്ടവരായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. വിജയിക്ക് ഉയർന്ന ജാതിക്കാരനായ കനേഡിയൻ പൗരനെ വിവാഹം കഴിക്കാൻ അവസരം ലഭിക്കുമെന്നും പോസ്റ്ററിൽ പറയുന്നു. ഒക്ടോബര്‍ 23നാണ് സൗന്ദര്യ മത്സരം നടക്കുന്നത്. മത്സരത്തിന്‍റെ സംഘാടകര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

തങ്ങളുടെ പെണ്‍മക്കള്‍ക്ക് ഒരു എന്‍.ആര്‍.ഐക്കാരന്‍ വരനായി ലഭിക്കണമെന്ന് ആഗ്രഹമുള്ള മാതാപിതാക്കള്‍ ഈ പരസ്യത്തെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ എന്താണ് തെറ്റെന്നും താല്‍പര്യമില്ലാത്തവര്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ഇതു ചില റിയാലിറ്റി ഷോകള്‍ക്ക് സമാനമല്ലേ എന്നും മറ്റു ചിലര്‍ ചോദിക്കുന്നു.

TAGS :

Next Story