Quantcast

ബംഗാളിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എ തൃണമൂലില്‍

ഭരണകക്ഷിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് ടി.എം.സിയില്‍ ചേര്‍ന്നത്

MediaOne Logo

Web Desk

  • Published:

    30 May 2023 2:47 AM GMT

Bayron Biswas
X

ബയ്‌റോൺ ബിശ്വാസ് 

കൊല്‍ക്കൊത്ത: പാര്‍ട്ടിയെ ഞെട്ടിച്ച് പശ്ചിമ ബംഗാൾ നിയമസഭയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എ ബയ്‌റോൺ ബിശ്വാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിങ്കളാഴ്ച ഭരണകക്ഷിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് ടി.എം.സിയില്‍ ചേര്‍ന്നത്.

സാഗർദിഗി എം.എൽ.എയായ ബിശ്വാസ് ടി.എം.സിയിലേക്ക് മാറിയതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്ത് ഭരിക്കുന്ന പാർട്ടിയെ എതിർക്കണോ കേന്ദ്രത്തിലെ ബി.ജെ.പിയെ എതിർക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കണമെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മൂന്നു മാസത്തിനു ശേഷമാണ് ബിശ്വാസ് പാര്‍ട്ടി മാറിയത്. തന്‍റെ വിജയത്തില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്ന് ബിശ്വാസ് പറഞ്ഞു. ടി.എം.സിയുടെ ദേബാശിഷ് ബാനര്‍ജിയെയാണ് ബിശ്വാസ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.

"ഇന്ന് അഭിഷേകൈറ്റിന്‍റെ സാന്നിധ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ജോണോ സൻജോഗ് യാത്രയിൽ സാഗർദിഗിയിൽ നിന്നുള്ള ഐഎന്‍സി എം.എല്‍.എ ബയ്‌റോൺ ബിശ്വാസ് ഞങ്ങളോടൊപ്പം ചേർന്നു.തൃണമൂൽ കോൺഗ്രസ് കുടുംബത്തിലേക്ക് ഞങ്ങൾ അദ്ദേഹത്തെ പൂർണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ബിജെപിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതിന്, നിങ്ങൾ ശരിയായ വേദി തെരഞ്ഞെടുത്തു. നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് വിജയിക്കും'' തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

തൃണമൂൽ ഇഹ് നബോജോവർ (തൃണമൂലിലെ പുതിയ തരംഗം) എന്ന പാർട്ടിയുടെ ജനകീയ പ്രചാരണ കാമ്പെയ്‌നിനിടെയാണ് ബിശ്വാസ് തൃണമൂലിലേക്ക് മാറിയത്.ബിശ്വാസ് ചേർന്നതോടെ തൃണമൂലിനെ എതിർക്കാനുള്ള ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും മഴവില്‍ സഖ്യം സംസ്ഥാനത്ത് പരാജയപ്പെട്ടെന്ന് അഭിഷേക് ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ''ബംഗാളിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള മൗന ധാരണയിലൂടെ രൂപപ്പെട്ട അധാർമ്മിക മഴവില് സഖ്യത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം.ബിശ്വാസും ചേർന്നതോടെ ഈ മഴവില്ല് സഖ്യം ഇപ്പോൾ പരാജയപ്പെട്ടു. ആരോട് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കണം.ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ എതിർത്ത് കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരെ പോരാടുകയാണെന്ന് അവർക്ക് അവകാശപ്പെടാനാവില്ല. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.'' അദ്ദേഹം പറഞ്ഞു.

ബംഗാളിൽ ബി.ജെ.പിക്കെതിരെ പോരാടാൻ കഴിയുന്ന ഏക ശക്തിയാണെന്ന് തോന്നിയതിനാലാണ് ബിശ്വാസ് ടി.എം.സിയിൽ ചേർന്നതെന്ന് മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് പറഞ്ഞു.

TAGS :

Next Story