ബി.ജെ.പിക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്ന് ഗുജറാത്തിലെ കൂറ്റന്‍ വിജയം
ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പ്രയോഗ സാധ്യതക്കൊപ്പം നരേന്ദ്ര മോദിയെന്ന നേതാവിന്‍റെ വോട്ടുമൂല്യം കൂടി അരക്കിട്ടുറപ്പിക്കുന്നതായി ഗുജറാത്ത് ഫലം
ഡല്‍ഹി: 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ബി.ജെ.പിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് ഗുജറാത്തിലെ കൂറ്റന്‍ വിജയം. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പ്രയോഗ സാധ്യതക്കൊപ്പം നരേന്ദ്ര മോദിയെന്ന നേതാവിന്‍റെ വോട്ടുമൂല്യം കൂടി അരക്കിട്ടുറപ്പിക്കുന്നതായി ഗുജറാത്ത് ഫലം.
ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രധാന ആയുധം നരേന്ദ്രമോദിയെന്ന ഐക്കണ്‍ തന്നെയായിരുന്നു. പ്രചാരണത്തിലുടനീളം മോദിയുടെ സാന്നിധ്യം അവരുറപ്പാക്കി. 27 വര്‍ഷമായി തുടരുന്ന ഭരണത്തോട് വിയോജിപ്പുകള്‍ ഉണ്ടെങ്കിലും നരേന്ദ്ര ഭായിയെ കൈവിടാനൊക്കില്ലെന്ന് വിളിച്ചുപറഞ്ഞ ജനമാണ് ബി.ജെ.പിക്ക് ഈ അത്ഭുതവിജയം സമ്മാനിച്ചത്. 2002ലെ വംശഹത്യയുടെ ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമവും വിജയിച്ചുവെന്ന് തന്നെ പറയാം. ബില്‍കിസ് ബാനും കേസിലെ പ്രതികളെ വെറുതെ വിട്ടതും അമിത്ഷായുടെ വിവാദപ്രസംഗവുമെല്ലാം സ്വന്തം വോട്ടു ബാങ്കില്‍ ചോര്‍ച്ച വരാതെ ബി.ജെ.പിയെ കാത്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ മുഖമാര് എന്ന ചോദ്യത്തിന്, അത് മോദിയല്ലാതാര് എന്ന് ഉത്തരം പറയുന്നു ഈ തെരഞ്ഞെടുപ്പ്.
പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രവും ബി.ജെ.പി ഏറ്റവും ഫലപ്രദമായി പുറത്തെടുത്ത തെരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. ആദ്യം ആം ആദ്മി പാര്‍ടിയെയും പിന്നീട് കോണ്‍ഗ്രസിനെയും മുഖ്യ എതിരാളികളായി അവതരിപ്പിച്ച് ഭരണവിരുദ്ധ വോട്ടുകളെ ചിതറിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഭരണതുടര്‍ച്ചയുടെ സമീപചരിത്രമില്ലാത്ത ഹിമാചല്‍ പ്രദേശിലും തോറ്റമ്പുന്നില്ല ബി.ജെ.പി. ഇഞ്ചോടിഞ്ച് മത്സരിത്തിനിടയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു ബി.ജെ.പി ക്യാമ്പ്. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പിക്ക് കൂടുതല്‍ പ്രതീക്ഷാനിര്‍ഭരമായ വിജയവഴി തെളിക്കുകയാണ് രണ്ട് സംസ്ഥാനങ്ങളിലെയും ഫലം. പ്രതിപക്ഷചേരിക്ക് ഈ ജനവിധി കൂടുതല്‍ ഹോംവര്‍ക്ക് നിര്‍ദേശിക്കുന്നുണ്ടന്നതിലും തര്‍ക്കമില്ല.
Adjust Story Font
16