തിരുമാവളവന്റെ 'കബാലി' ചിത്രങ്ങളുടെ പിന്നാമ്പുറക്കഥ പറഞ്ഞ് ഫോട്ടോഗ്രാഫര്‍
ഫോട്ടോഷൂട്ട് കൊണ്ട് അദ്ദേഹത്തിനോ പാര്‍ട്ടിക്കോ യാതൊരുവിധ പേരുദോഷവുമുണ്ടാകില്ല എന്നുള്ള വാക്കാണ് അദ്ദേഹത്തിന് നല്‍കിയതെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു.
ചിദംബരം എം.പിയും വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവുമായ ഡോ തൊല്‍ തിരുമാവളവന്റെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചത് ഈയടുത്താണ്. സാധാരണ രാഷ്ട്രീയക്കാരൊന്നും ചെയ്യാന്‍ മുതിരാത്ത ഫോട്ടോഷൂട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
വര്‍ഷങ്ങളായുള്ള തന്റെ മനസ്സിലെ പദ്ധതിയായിരുന്നു എം.പിയുടെ ഫോട്ടോഷൂട്ടിന് പിന്നിലെന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഗുണശീലന്‍ പറഞ്ഞത്. ദ ഹിന്ദുവുമായി നടത്തിയ അഭിമുഖത്തിലാണ് തൊല്‍ തിരുമാവളവന്റെ വൈറല്‍ ഫോട്ടോയുടെ കഥ ഗുണശീലന്‍ പറഞ്ഞത്.
നേരത്തെ തിരുമാവളവന്റെ പല പരിപാടികളുടെയും ഫോട്ടോകള്‍ എടുക്കാന്‍ പോകുമായിരുന്നു. അന്നു മുതല്‍ ശ്രദ്ധിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഫോട്ടോജനിക്ക് ആയ മുഖം. ഏറെ കാലം ഇത് ഉള്ളില്‍ കൊണ്ടു നടന്നു. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒരിക്കല്‍ എം.പി തിരുമാവളവന്റെ അടുക്കല്‍ താന്‍ ആവശ്യവുമായി സമീപിക്കുകയായിരുന്നുവെന്ന് ഗുണശീലന്‍ പറയുന്നു.
ഫോട്ടോഷൂട്ട് കൊണ്ട് അദ്ദേഹത്തിനോ പാര്‍ട്ടിക്കോ യാതൊരുവിധ പേരുദോഷവുമുണ്ടാകില്ല എന്നുള്ള വാക്കാണ് അദ്ദേഹത്തിന് നല്‍കിയത്. തന്നില്‍ വിശ്വാസമര്‍പ്പിച്ചാണ് തിരുമാവളവന്‍ ഫോട്ടോ എടുക്കാന്‍ അനുവാദം തന്നതെന്നും ഗുണശീലന്‍ പറയുന്നു.
ഒന്നര മണിക്കൂറിന്റെ ഫോട്ടോഷൂട്ട് ആയിരിക്കുമെന്നാണ് പറഞ്ഞത്. പക്ഷേ അദ്ദേഹത്തെ വെച്ച് അഞ്ചു മണിക്കൂറാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും ഗുണശീലന്‍ ദ ഹിന്ദുവിനോട് പറഞ്ഞു.
അംബേദ്കര്‍ സ്യൂട്ടിനോട് സാദൃശ്യമുള്ള നീല സ്യൂട്ടിലും, കറുപ്പ് സ്യൂട്ടിലുമായിരുന്നു ഫോട്ടോ എടുപ്പ്. ആവശ്യമായ വസ്ത്രങ്ങള്‍ തങ്ങള്‍ തന്നെയാണ് നിര്‍മിച്ചത്. ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ജന്‍മദിനമായ ആഗസ്റ്റ് പതിനേഴിന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
ഏതായാലും എം.പിയുടെ സ്റ്റൈലന്‍ ഫോട്ടോകള്‍ പ്രതീക്ഷിച്ചതിലും അധികം ജനപ്രീതി നേടി. രജനീകാന്ത് കഥാപാത്രങ്ങളായ കബാലിയുമായും കാലയായുമൊക്കെയാണ് ചിത്രത്തെ ആരാധകര്‍ വിശേഷിപ്പിച്ചത്. ഫോട്ടോകള്‍ പലയിടത്തും ചുമര്‍ചിത്രങ്ങളായും പ്രത്യക്ഷപ്പെട്ടു.
ആയിരക്കണക്കിന് ഫോണ്‍ കോളുകളാണ് ചിത്രം പങ്കുവെച്ച ശേഷം തനിക്ക് ലഭിച്ചതെന്നും, തലൈവരെ അപ്രകാരം കാണാന്‍ സാധിച്ചതില്‍ പാര്‍ട്ടിക്കാര്‍ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നെന്നും ഗുണശീലന്‍ പറഞ്ഞു.
Adjust Story Font
16