ഒറ്റക്കെട്ടായി മത്സരിച്ചാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് അശോക് ഗെഹ്‍ലോട്ട്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ യോഗം ചേർന്നേക്കും
അശോക് ഗെഹ്‍ലോട്ട്
ജയ്പൂര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ചാൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന് വിശ്വസിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. വിമത കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെക്കുറിച്ചുള്ള ചോദ്യം ഒഴിവാക്കിയ ഗെഹ്‍ലോട്ട്, കോൺഗ്രസിലെ എല്ലാവരും ഹൈക്കമാൻഡിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പറഞ്ഞു.
മേയ് 15ന് നടന്ന യോഗത്തിൽ ഈ മാസം അവസാനത്തോടെ തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പൈലറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. മുന്‍മുഖ്യമന്ത്രി വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. സ്വന്തം പാർട്ടികളുടെ നേതൃത്വത്തിലുള്ള സർക്കാരുകൾക്ക് അന്ത്യശാസനം നൽകുന്ന ചില നേതാക്കളെക്കുറിച്ചുള്ള ചോദ്യത്തിന് ''മാധ്യമങ്ങളാണ് ഈ വിഷയം വച്ച് കളിക്കുന്നത്. ഇവയിൽ (കാര്യങ്ങളിൽ) ഞങ്ങൾ വിശ്വസിക്കുന്നില്ല. മുഴുവൻ കോൺഗ്രസും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണം, ഞങ്ങൾ വിജയിച്ച് തിരിച്ചുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു'' എന്നായിരുന്നു ഗെഹ്‍ലോട്ടിന്‍റെ മറുപടി.
ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ യോഗം ചേർന്നേക്കും.കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ, "ചർച്ചകൾ ഉണ്ടാകും, എല്ലാവരും അവരവരുടെ നിർദ്ദേശങ്ങൾ നൽകുമെന്നും അതിന് ശേഷം ഹൈക്കമാൻഡ് നിർദേശങ്ങൾ നൽകുമെന്നും ഗെഹ്‍ലോട്ട് പറഞ്ഞു.
Adjust Story Font
16