Quantcast

ബലാത്സംഗ കൊലയ്ക്ക് വധശിക്ഷ; 'അപരാജിത ബിൽ' പാസാക്കി പശ്ചിമ ബംഗാൾ

കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബം​ഗാൾ

MediaOne Logo

Web Desk

  • Updated:

    2024-09-03 11:55:01.0

Published:

3 Sep 2024 11:53 AM GMT

Mamata Banerjee
X

കൊൽക്കത്ത: ലൈം​ഗികപീഡന കേസുകളിൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത ബിൽ' പാസാക്കി പശ്ചിമ ബംഗാൾ. അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ (പശ്ചിമബംഗാൾ ക്രിമിനൽ ലോ ആൻഡ് അമെൻമെന്റ്) 2024 ഐകകണ്‌ഠ്യേനയാണ് നിയമസഭ പാസാക്കിയത്.

ബലാത്സംഗ കേസുകളിൽ ഇര മരിക്കുകയോ കോമയിലാവുകയോ ചെയ്യുന്ന പക്ഷം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ബലാത്സംഗം, കൂട്ടബലാത്സംഗം, മറ്റ് ലൈംഗിക പീഡനങ്ങൾ എന്നിവയിൽ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാർശ ചെയ്യുന്നുണ്ട്.

ഇതോടെ കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബം​ഗാൾ മാറി. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാൾ സർക്കാർ അതിവേഗം പുതിയ നിയമത്തിന് രൂപം നൽകിയത്.

ഭാരതീയ ന്യായ് സൻഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളിൽ ബില്ല് ഭേദഗതികൾ ആവശ്യപ്പെടുന്നുണ്ട്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ ശിക്ഷിക്കുന്ന ചില വകുപ്പുകൾ നീക്കം ചെയ്യണം എന്നതാണ് ഇതിൽ പ്രധാനം. ബലാത്സംഗകേസുകളിൽ അതിവേഗ ഫാസ്റ്റ്ട്രാക്ക് കോടതികൾ വേണമെന്നും പോക്‌സോ നിയമങ്ങൾ കർശനമാക്കണമെന്നും ബില്ലിൽ പറയുന്നുണ്ട്. ലൈംഗികാതിക്രമകേസുകൾ പരിഗണിക്കാൻ 52 പ്രത്യേക കോടതികൾ സ്ഥാപിക്കും. കോടതി നടപടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും ബില്ലിൽ നിർദേശിക്കുന്നു.

ലൈം​ഗികാതിക്രമങ്ങളിൽ 21 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. രണ്ട് മാസം എന്ന സമയപരിധിയാണ് ഇതോടെ വെട്ടിക്കുറച്ചത്. അതേസമയം കൃത്യമായ കാരണം ഒരു പൊലീസ് സൂപ്രണ്ട് അറിയിക്കുകയാണെങ്കിൽ 15 ദിവസം കൂടി നീട്ടാനും വ്യവസ്ഥയുണ്ട്.

ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. നഴ്‌സ്മാരും വനിതാ ഡോക്ടർമാരും സഞ്ചരിക്കുന്ന റൂട്ടുകൾ പരിരക്ഷിക്കും. ഇതിനായി സംസ്ഥാന സർക്കാർ 120 കോടി രൂപ അനുവദിച്ചു. എല്ലായിടത്തും സിസിടിവികൾ സ്ഥാപിക്കും. രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പൂർണസുരക്ഷ ഉറപ്പാക്കും. ഗവർണർ സിവി ആനന്ദബോസും കേന്ദ്രനിയമം ഭേദഗതി ചെയ്യുന്നതിനാൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ഒപ്പു വെക്കുന്നതോടെ ബിൽ നിയമമാകും.

അതേസമയം ചരിത്രപരമായ തീരുമാനമെന്നാണ് ഇതിനെ മുഖ്യമന്ത്രി മമതാ ബാനർജി വിശേഷിപ്പിച്ചത്. കൊൽക്കത്തയിലെ മെഡിക്കൽ കോളജിൽ കൊല്ലപ്പെട്ട യുവ ഡോക്ടർക്കുള്ള ആദരം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഠിനമായ ശിക്ഷകളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും മമത വ്യക്തമാക്കി. എന്നാൽ ബിൽ അവതരണത്തിനിടെ ബിജെപി മമതയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നു.

TAGS :

Next Story