പക്ഷപാതിത്വം, വിവേചനം: കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ബംഗാള്‍ ബാര്‍ കൗൺസിലിന്‍റെ പരാതി
ഹൈക്കോടതി ജഡ്ജി രാജേഷ് ബിൻഡാലിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ബാര്‍ കൗൺസിൽ കത്ത് അയച്ചു
കൊൽക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ പരാതിയുമായി പശ്ചിമ ബംഗാൾ ബാർ കൗൺസിൽ. കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഹൈക്കോടതി ജഡ്ജി രാജേഷ് ബിൻഡാൽ വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് കൗൺസിൽ കത്ത് അയച്ചത്.
പ്രമാദമായ കേസുകളിൽ നിഷ്പക്ഷത പുലർത്തുന്നതിൽ രാജേഷ് ബിൻഡാൽ പരാജയപ്പെടുന്നു. കുപ്രസിദ്ധമായ നാരദ കോഴക്കേസിലും മുഖ്യമന്ത്രി മമത ബാനർജി നൽകിയ നന്ദിഗ്രാം തെരഞ്ഞെടുപ്പ് വിധിയുമായി ബന്ധപ്പെട്ട ഹരജിയിലും ഹൈക്കോടതി ജസ്റ്റിസ് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചതായും കത്തിൽ പറയുന്നു. തൃണമൂൽ കോൺഗ്രസ് എം.എൽ.എയും ബാർ കൗൺസിൽ ചെയർമാനുമായ അലോക് കുമാർ ദേബ് ആണ് കത്ത് നൽകിയത്.
നാരദ കേസിൽ തൃണമൂൽ നേതാക്കൾക്ക് സി.ബി.ഐ കോടതി നൽകിയ ഇടക്കാല ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ കോടതി പുലർത്തിയ പക്ഷപാതിത്വം തുറന്ന് കാട്ടി കൽക്കത്ത ജഡ്ജി അരിന്ദാം സിൻഹ ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും കത്തെഴുതിയിരുന്നതായും ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി.
നന്ദിഗ്രാം തെരഞ്ഞെടുപ്പുമായി മമത ബാനർജി നൽകിയ ഹരജി, ആദ്യം കേസ് പരിഗണിച്ച ജസ്റ്റിസ് സബ്യസാചി ഭട്ടചാര്യയിൽ നിന്നും മാറ്റി ബി.ജെ.പി ചായ്വുള്ള ജഡ്ജി കൗശിക് ചന്ദക്ക് കൈമാറിയതായും ബാർ കൗൺസിൽ ആരോപിച്ചു.
പഞ്ചാബ് - ഹരിയാന ഹൈക്കോടതി ജഡ്ജായിരുന്ന ബിൻഡാൽ തുടർന്ന് ജമ്മു കശ്മീർ - ലഡാക് ഹൈക്കോതി ജഡ്ജായും പ്രവർത്തിച്ചിരുന്നു. 2021 ജനുവരി അഞ്ചിനാണ് രാജേഷ് ബിൻഡാൽ കൊൽക്കത്ത ഹൈക്കോടതിയിൽ എത്തുന്നത്.
Adjust Story Font
16