'ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദുക്കൾ ഉറപ്പാക്കണം'; രാമനവമിക്കിടയിലെ സംഘര്‍ഷത്തില്‍ മമത
''സംഘർഷവും കലാപവും സൃഷ്ടിക്കാൻ മനഃപൂർവമാണ് അവർ ന്യൂനപക്ഷ മേഖലകളിലേക്ക് കടക്കുന്നത്. പാവപ്പെട്ട തെരുവുകച്ചവടക്കാരുടെ ഉന്തുവണ്ടികൾക്ക് തീകൊടുത്തു അവർ.''
കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദു സഹോദരങ്ങൾ ഉറപ്പാക്കണമെന്ന് മമത ആവശ്യപ്പെട്ടു. സമാധാനം പുലർത്താനും അവർ ആഹ്വാനം ചെയ്തു.
ഈസ്റ്റ് മെദ്‌നിപൂരിലെ കെജൂരിയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ശ്രീരാമനു വേണ്ടി സമർപ്പിക്കപ്പെട്ട രാമനവമി ആഘോഷങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം എന്തിനാണ് ഘോഷയാത്ര നടത്തുന്നതെന്ന് മമത ചോദിച്ചു. നാട്ടിൽ സംഘർഷം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.
'രാമനവമി കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞിട്ടും എന്തിനാണ് ഘോഷയാത്ര നടത്തുന്നത്? ഇത് ഉത്സവദിവസമാണോ? നമുക്ക് ഒരു എതിർപ്പുമില്ല. എന്നാൽ, തോക്കും ബോംബുമായും പൊലീസിൽനിന്ന് അനുമതിയൊന്നുമില്ലാതെയും റാലി നടത്താൻ പറ്റില്ല.'-മമത വ്യക്തമാക്കി.
''സംഘർഷവും കലാപവും സൃഷ്ടിക്കാൻ മനഃപൂർവമാണ് അവർ ന്യൂനപക്ഷ മേഖലകളിലേക്ക് കടക്കുന്നത്. പാവപ്പെട്ട തെരുവുകച്ചവടക്കാരുടെ ഉന്തുവണ്ടികൾക്ക് തീകൊടുത്തിരിക്കുകയാണവർ. തോക്കുകളുമായി ഡാൻസ് ചെയ്യുന്നു.''
ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹിന്ദു സഹോദരങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ആരും ഇത്തരത്തിലുള്ള അക്രമവും കലാപവും ആഗ്രഹിക്കുന്നില്ല. ഏപ്രിൽ ആറിന്(ഹനുമാൻ ജയന്തി ദിനത്തിൽ) വീണ്ടും ആക്രമണം നടത്താനാണ് അവരുടെ പദ്ധതി. പൊലീസുകാരോടും ജില്ലാ മജിസ്‌ട്രേറ്റുമാരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളിൽ മാത്രമല്ല, രാജ്യമെങ്ങും അവർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേർത്തു.
Summary: Bengal CM Mamata Banerjee appeals to 'Hindu brothers' to protect minorities amid post-Ram Navami violence
Adjust Story Font
16