ബംഗാളിൽ സർക്കാർ-ഗവർണർ പോര് രൂക്ഷം; അർധരാത്രി കേന്ദ്രത്തിന് രഹസ്യ കത്ത്
വി.സി നിയമനവുമായി ബന്ധപ്പെട്ടാണ് സർക്കാറും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമായത്.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാറും ഗവർണർ സി.വി ആനന്ദബോസും തമ്മിൽ പോര് മുറുകുന്നു. എന്താണ് ചെയ്യുകയെന്ന് കാണിച്ചുതരാമെന്നും അർധരാത്രി വലിയ ആക്ഷൻ ഉണ്ടാകുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച അർധരാത്രി ഗവർണർ മുദ്രവെച്ച രണ്ട് കത്തുകളിൽ ഒന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലും മറ്റൊന്നും കേന്ദ്രസർക്കാരിനും നൽകിയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
കത്തിൽ എന്താണ് എഴുതിയതെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നാണ് രാജ്ഭവൻ നൽകുന്ന വിവരം. ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദിയുമായി രണ്ട് മണിക്കൂറോളം ചർച്ച നടത്തിയതിന് പിന്നാലെയാണ് ഗവർണർ കത്തെഴുതിയത്. ചർച്ചയുടെ വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാറും രാജ്ഭവനും തയ്യാറായിട്ടില്ല.
വി.സി നിയമനവുമായി ബന്ധപ്പെട്ടാണ് സർക്കാറും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമായത്. ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗവർണർ അനാവശ്യ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന സർക്കാരിന്റെ വിമർശനത്തിന് തൊട്ടുപിറകെ അർധരാത്രി താൽക്കാലിക വി.സിമാരെ നിയമിച്ച് ഗവർണർ തിരിച്ചടിക്കുകയായിരുന്നു. സ്വന്തം വി.സിമാരെ നിയമിച്ച് ഗവർണർ സർവകലാശാലകളിൽ പാവഭരണം നടത്തുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു ആരോപിച്ചു.
എന്താണ് ചെയ്യുകയെന്ന് അർധരാത്രി കാണിച്ചുതരാമെന്നും അർധരാത്രി വലിയ ആക്ഷൻ ഉണ്ടാകുമെന്നും ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നഗരത്തിൽ പുതിയ രക്തപ്പിശാച് ഇറങ്ങിയിട്ടുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നുമായിരുന്നു ഇതിന് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.
Adjust Story Font
16