Quantcast

വാളുകൾ വീശി അനുമതിയില്ലാതെ ഹനുമാൻ ജയന്തി ശോഭായാത്ര; ഹൂ​ഗ്ലിയിൽ സംഘാടകർക്കെതിരെ കേസ്

ഘോഷയാത്രകൾക്ക് അനുമതി നിഷേധിക്കാൻ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    7 April 2023 9:37 AM GMT

Bengal police files two cases against organisers of Hanuman Jayanti rally in Hooghly
X

കൊൽക്കത്ത: രാമനവമി ​ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായ പശ്ചിമബം​ഗാളിലെ ഹൂ​ഗ്ലിയിൽ അനുമതിയില്ലാതെ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയതിന് സംഘാടർക്കെതിരെ കേസ്. ഹൂ​ഗ്ലി ജില്ലാ പൊലീസാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച ബാൻസ്ബേരിയയിൽ നടന്ന ​ഘോഷയാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വാളുകൾ വീശി പ്രകോപന മുദ്രാവാക്യം വിളിച്ചായിരുന്നു ശോഭായാത്ര.

ഹനുമാൻ ജയന്തി ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് ക്രമസമാധാന നില നിലനിർത്തുന്നതിന് സംസ്ഥാന പൊലീസിനെ സഹായിക്കാൻ കൊൽക്കത്ത, ഹൂഗ്ലി, ബാരക്‌പൂർ എന്നിവയുടെ ഭാഗങ്ങളിൽ മൂന്ന് കമ്പനി കേന്ദ്രസേനയെ വ്യാഴാഴ്ച വിന്യസിച്ചിരുന്നു.

ഘോഷയാത്രകൾക്ക് അനുമതി നിഷേധിക്കാൻ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച ശോഭാ യാത്രയ്ക്ക് ഹൂഗ്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും സംഘാടകർ റാലിയുമായി മുന്നോട്ടുപോകുകയും യാത്രയ്ക്കിടെ വാളുകൾ വീശുകയുമായിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഹനുമാൻ ജയന്തി പ്രമാണിച്ച് ബംഗാളിൽ സുരക്ഷാ സേന കനത്ത ജാഗ്രതയിലായിരുന്നു. രാമനവമി ആഘോഷങ്ങളുടെ പേരിൽ സംസ്ഥാനത്ത് പലയിടത്തും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹനുമാൻ ജയന്തി ഉത്സവം നടന്നത്. നേരത്തെ, ശോഭായാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് ബിജെപി എം.പി ലോക്കറ്റ് ചാറ്റർജിയെ പൊലീസ് തടഞ്ഞിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്തായിരുന്നു നടപടി.

ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന രാമനവമി ​ഘോഷയാത്രയ്ക്കിടെ മുസ്‌ലിംകൾക്കെതിരെ വ്യാപക ആക്രമണമാണ് നടന്നത്. ആളുകൾക്കും വീടുകൾക്കും നേരെ കല്ലേറ് നടത്തുകയും ഇവരുടെ കടകളും വാഹനങ്ങളും അ​ഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിൽ ഹൂ​ഗ്ലിയിൽ ജില്ലയിൽ 50ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി മമത ബാനർജി നടത്തിയത്.

ഹൂഗ്ലിയിലെയും ഹൗറയിലെയും അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നും ബംഗാളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാടക ഗുണ്ടകളെ കൊണ്ടുവന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ നിർത്തി ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും കലാപകാരികളെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മമത പറഞ്ഞിരുന്നു.

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദു സഹോദരങ്ങൾ ഉറപ്പാക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. സമാധാനം പുലർത്താനും അവർ ആഹ്വാനം ചെയ്തു. അതേസമയം, രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞിരുന്നു.






TAGS :

Next Story