ബംഗാളിൽ 14 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; തെളിവ് നശിപ്പിച്ചതിന് ഇരയുടെ പിതാവിനെതിരെ കേസ്
പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണ് വേഗത്തിൽ ശവസംസ്‌കാരം നടത്തിയതെന്ന് പിതാവ്
കൊൽക്കത്ത: ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവ് നശിപ്പിച്ചതിന് പിതാവിനെതിരെയും കേസ്. ചൊവ്വാഴ്ച കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. പൊലീസിന് പരാതി നൽകാത്തതതിനും മരണ സർട്ടിഫിക്കറ്റില്ലാതെ മൃതദേഹം സംസ്‌കരിച്ച് തെളിവ് നശിപ്പിച്ചതിനുമാണ് പിതാവിനും അയൽക്കാർക്കും എതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.മുഖ്യപ്രതി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ബ്രിജ ഗോപാൽ ഗയാലിക്ക് പുറമെയാണ് പിതാവ്,ബന്ധു അയൽവാസി എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നാദിയ ജില്ലയിലെ ഹൻസ്ഖാലിയിൽ ഏപ്രിൽ നാലിന് ജന്മദിന പാർട്ടിക്കിടെയാണ് കൂട്ടബലാത്സംഗത്തിനിരയായി 14 കാരി മരിച്ചത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി അന്നു തന്നെ മരിച്ചിരുന്നു. ഗജ്‌ന ഗ്രാമ പഞ്ചായത്തിലെ തൃണമൂൽ അംഗവും പാർട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമർ ഗോലയുടെ മകൻ ബ്രജ്‌ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപിക്കുന്നത്.
പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ രണ്ടിലധികം പേർ അവിടെ ഉണ്ടായിരുന്നതിനാലാണ് കേസിൽ കൂട്ടബലാത്സംഗ കുറ്റം ചുമത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കുറച്ചുപേർ കൂടി നിരീക്ഷണത്തിലാണ്. തെളിവുകൾ നശിപ്പിച്ചതിനാണ് എഫ്ഐആറിലെ ഇരയുടെ പിതാവിനെയും ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണ് ശവസംസ്‌കാരം നടത്തിയതെന്ന് ഇരയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'അവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാനൊരുങ്ങിയപ്പോഴും അവർ ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. അവൾ മരിച്ചതിന് ശേഷം, അവരാണ് ഞങ്ങളെ ശവസംസ്‌കാരം ചെയ്യാൻ നിർബന്ധിച്ചതെന്നും' അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് കുടുംബം പരാതി നൽകിയെന്നാണ് പൊലീസ് പറയുന്നത്. കേസ് സി.ബി.ഐ ആണ് ഇപ്പോൾ അന്വേഷിക്കുന്നതെന്നും അവർക്ക് എല്ലാ സഹകരണവും നൽകുമെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ ഭീഷണിയും മകളുടെ മരണത്തിലെ ആഘാതം ഏൽപ്പിച്ച മാനസിക സമ്മർദവും കാരണമാണ് പരാതി നൽകാൻ വൈകിയതെന്നായിരുന്നു ഇരയുടെ അമ്മ പരാതിയിൽ പറയുന്നതെന്നും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Adjust Story Font
16