'രാത്രി 10 മണിക്ക് ശേഷം അതിഥികൾക്ക് പ്രവേശനമില്ല, ഉടമയിൽ നിന്ന് ഇ.മെയിൽ വഴി അനുവാദം വാങ്ങണം; സോഷ്യൽമീഡിയയിൽ വൈറലായി ഹൗസിങ് സൊസൈറ്റിയുടെ വാടകകരാർ
'10 മണിക്ക് ശേഷം ഫോൺ ചെയ്യാനായി ഇടനാഴികളും ബാൽക്കണികളും ഉപയോഗിക്കരുത്'
ബെംഗളൂരു: സൊസൈറ്റികളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും താമസക്കാർക്കായി നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിക്കുന്നത് സാധാരണ സംഭവമാണ്. ഇവയിൽ പലതും ഫ്‌ളാറ്റ് ഉടമകൾക്കോ വാടകക്കാർക്കോ പരമാവധി സൗകര്യം പ്രദാനം ചെയ്യുന്നതിനും പരിസരത്ത് അച്ചടക്കം ഉറപ്പാക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബംഗളൂരുവിലെ ഒരു ഹൗസിങ് സൊസൈറ്റി പുറപ്പെടുവിച്ച വാടകകരാറാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
കുന്ദനഹള്ളി ഗേറ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൗസിങ് സൊസൈറ്റിയുടെ വാടക കരാറാണ് ബാച്ചിലർമാർക്കും അവിവാഹിതരായ യുവതികൾക്കും പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാത്രി 10 മണിക്ക് ശേഷം അതിഥികളെ അനുവദിക്കില്ല. ആവശ്യമെങ്കിൽ, അതിഥികളുടെ ഐഡി പ്രൂഫും തിരിച്ചറിയൽ രേഖകളും സമർപ്പിച്ച് ഉടമയിൽ നിന്നോ മാനേജരിൽ നിന്നോ അസോസിയേഷൻ ഓഫീസിലോ ഇമെയിൽ വഴി മുൻകൂർ അനുമതി ആവശ്യപ്പെടണമെന്നും വാടകകരാറിലുണ്ട്.
നിയമം 'ലംഘിച്ചാൽ ഒരു ഇളവുമുണ്ടാകില്ല.. അഥവാ ലംഘിച്ചാൽ 1000 രൂപ പിഴ ഈടാക്കുകയോ അല്ലെങ്കിൽ പുറത്താക്കുകയോ ചെയ്യും. 'രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിലുള്ള സംഗീതം പാടില്ല, 'രാത്രി പാർട്ടികൾ അനുവദനീയമല്ല, 'രാത്രി 10 മണിക്ക് ശേഷം ഫോൺ ചെയ്യാനായി ഇടനാഴികളും ബാൽക്കണികളും ഉപയോഗിക്കരുത്... തുടങ്ങിയ നിർദേശങ്ങളും കരാറിലുണ്ട്. ഏതായാലും വാടകകരാർ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
ഇത് ഹോസ്റ്റലുകളേക്കാൾ മോശമാണെന്നാണ് ഒരാളുടെ കമന്റ്. ഒരു ഫ്‌ളാറ്റ് വാടകയ്ക്കെടുക്കാൻ പണം നൽകുന്നു. കരാർ പ്രകാരം നിങ്ങൾ വാടകയ്ക്ക് എടുക്കുന്ന കാലം അത് നിങ്ങളുടെ ഫ്‌ളാറ്റാണ്. നിങ്ങളുടെ ഫ്‌ളാറ്റിലേക്ക് ആരൊക്കെ വരും, ബാൽക്കണിയിൽ നിങ്ങൾ എന്തുചെയ്യും എന്നത് പൂർണമായും അത് വാടകക്കാരനെ ആശ്രയിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിയമങ്ങൾ ഇക്കാലത്ത് പരിഹാസ്യമായിക്കൊണ്ടിരിക്കുകയാണ്,' എന്നായിരുന്നു ഒരു കമന്റ്.
എന്നാൽ കരാറിലെ ചില ഭാഗങ്ങൾ അംഗീകരിക്കാമെന്നും മറ്റ് ചിലത് അംഗീകരിക്കാനാവില്ലെന്നും ചിലർ കമന്റ് ചെയ്തു. രാത്രി പാർട്ടികളും ഉച്ചത്തിലുള്ള സംഗീതവുമെല്ലാം ഒഴിവാക്കാവുന്നതാണ്.എന്നാൽ ബാച്ചിലർമാർ എല്ലാവരും മോശമാണെന്ന ധാരണ തെറ്റാണെന്നും ചിലർ കമന്റ് ചെയ്തു.
Adjust Story Font
16