സ്വിഗ്ഗിയിൽ നിന്ന് ഓർഡർ ചെയ്ത സാലഡിൽ ജീവനുള്ള ഒച്ച്, വീഡിയോ വൈറൽ; പ്രതികരിച്ച് കമ്പനി
പരാതി ഉന്നയിച്ചപ്പോൾ, ആദ്യം പകുതി തുക മാത്രമാണ് റീഫണ്ട് ചെയ്തതെന്നും യുവാവ്
ബംഗളൂരു: ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം വാങ്ങിക്കഴിക്കുന്നവരാണ് ഇന്ന് ഒട്ടുമിക്ക പേരും. ഭക്ഷണം പാകം ചെയ്യാനോ ഹോട്ടലിൽ പോയി കഴിക്കാൻ സമയമില്ലാത്തവരോ ആണ് ഇത്തരത്തിൽ ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നത്. ഇത്തരത്തിൽ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരാതിയുയരുന്നതും ആദ്യമായല്ല. ചത്ത പല്ലിയും എലിയുമെല്ലാം ഭക്ഷണത്തിൽ നിന്ന് കിട്ടിയെന്ന പരാതികൾ ഇടക്കിടക്ക് ഉയരാറുണ്ട്. ഇവ സോഷ്യൽമീഡിയയിലും വൈറലാകാറുണ്ട്.
അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാകുന്നത്. ബംഗളൂരുവിലെ ധവാൻസിങ് എന്ന യുവാവ് സ്വിഗ്ഗി ആപ്പ് വഴി സാലഡ് ഓർഡർ ചെയ്തു. സാലഡ് തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ ജീവനുള്ള ഒച്ച് ഇഴയുന്നതാണ് കണ്ടത്. ഇതിന്റെ വീഡിയോയും യുവാവ് സാമൂഹ്യമാധ്യമങ്ങളായ എക്‌സിലും റെഡ്ഡിറ്റിലും പങ്കുവെച്ചു.
ബംഗളൂരുവിലെ ലിയോൺ ഗ്രിൽ എന്ന എന്ന റെസ്റ്റോറന്റിൽ നിന്നാണ് സാലഡ് ഓർഡർ ചെയ്തത്. ഇനി ഒരിക്കലും ആ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യില്ലെന്നും,മറ്റുള്ളവർക്ക് ഇതുപോലെ സംഭവിക്കാതിരിക്കാൻ സ്വിഗ്ഗി വേണ്ടത് ചെയ്യണമെന്നും യുവാവ് സോഷ്യൽമീഡിയയിൽ കുറിച്ചു. സാലഡിൽ ഒച്ചിനെക്കണ്ടത്തിയത് മാത്രമല്ല,താൻ ഓർഡർ ചെയ്ത പാനീയമല്ല ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.
തുടർന്ന് സ്വിഗ്ഗി തന്നെ ധവാൻസിങ്ങിന് മറുപടിയുമായെത്തി. ഇത് ഭീകരമാണെന്നായിരുന്നു സ്വിഗ്ഗിയുടെ കമന്റ്. ഓർഡറിന്റെ വിശദാംശങ്ങൾ പങ്കിടാനും സ്വിഗ്ഗി ആവശ്യപ്പെട്ടു. അതേസമയം, സ്വിഗ്ഗിയിൽ പരാതി ഉന്നയിച്ചപ്പോൾ, തനിക്ക് പകുതി തുക മാത്രമാണ് റീഫണ്ട് ചെയ്തതെന്നും പിന്നീടാണ് മുഴുവൻ തുകയും റീഫണ്ട് ചെയ്തതെന്നും യുവാവ് പറയുന്നു. നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിന് താഴെ കമന്റ് ഇടുന്നത്.
'സ്വിഗ്ഗി ഈ റെസ്റ്റോറന്റിനെ എത്രയും വേഗം ബ്ലാക്ക്ലിസ്റ്റ് ചെയ്യണം, നിരവധി തവണ ഈ റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണം കഴിച്ചിട്ടുണ്ട്...ഒരാൾ കമന്റ് ചെയ്തു. സ്വിഗ്ഗിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സ്വഗ്ഗി ഡെലിവറി എക്സിക്യൂട്ടീവ് എന്റെ ഓർഡർ മോഷ്ടിച്ചു, 20 ദിവസം കഴിഞ്ഞാണ് റീഫണ്ട് ചെയ്തത്...ഇതിന് വേണ്ടി അത്രയും ദിവസം ഞാൻ പിന്നാലെ നടക്കേണ്ടിവന്നു..മറ്റൊരാൾ കമന്റ് ചെയ്തു.
Adjust Story Font
16