Quantcast

'ഒരു കോടി രൂപ നിങ്ങൾക്ക് തരാം, എന്റെ മകളെയും കൊച്ചുമകനെയും തിരികെ തരാൻ കഴിയുമോ..': മെട്രോ തൂണ്‍ തകർന്ന് മരിച്ച യുവതിയുടെ പിതാവ്

കുടുംബത്തിന് കർണാടക സർക്കാർ 10 ലക്ഷം രൂപയും ബിഎംആർസിഎൽ 20 ലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    11 Jan 2023 11:58 AM GMT

ഒരു കോടി രൂപ നിങ്ങൾക്ക് തരാം, എന്റെ മകളെയും കൊച്ചുമകനെയും തിരികെ തരാൻ കഴിയുമോ..: മെട്രോ തൂണ്‍ തകർന്ന് മരിച്ച യുവതിയുടെ പിതാവ്
X

ബംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ച സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി യുവതിയുടെ പിതാവ്. മരിച്ചവരുടെ കുടുംബത്തിന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 20 ലക്ഷം രൂപയും കർണാടക സർക്കാർ 10 ലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് മദൻ വിമർശനവുമായി രംഗത്തെത്തിയത്.

'എനിക്ക് അവരുടെ നഷ്ടപരിഹാരം ആവശ്യമില്ല. ഞാൻ അവർക്ക് ഒരു കോടി രൂപ നൽകാം. എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവൻ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കഴിയുമോ? ബിഎംആർസിഎല്ലിന്റെയും കരാറുകാരായ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെയും (എൻസിസി) ഭാഗത്തുനിന്ന് വ്യക്തമായ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് പിതാവ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയാണ് ബിഎംആർസിഎല്ലിന്‍റെ മെട്രോ തൂൺ ബൈക്കിന് മുകളിലേക്ക് വീണ് തേജസ്വിനി (28), മകൻ വിഹാൻ (രണ്ടര) എന്നിവർ മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ലോഹിത് സോളാക്കിനും മകൾ വിസ്മിതക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും അപകടനില തരണം ചെയ്തു. മക്കളെ പ്ലേ സ്‌കൂളിൽ കൊണ്ടുവിടാനായി പോകുമ്പോഴായിരുന്നു അപകടം. സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ് മരിച്ച തേജസ്വനി. നാഗവര ഏരിയയിൽ കല്യാൺ നഗർ-എച്ച്.ആർ.ബി.ആർ ലേ ഔട്ട് റോഡിലാണ് അപകടം നടന്നത്.

'ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനും ജീവൻ രക്ഷിക്കാനും സർക്കാർ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു. കരാറുകാരനെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തുകയും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും വേണം. മുഖ്യമന്ത്രി കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നൂറുകണക്കിന് ജനജീവിതം അപകടത്തിലാകുമെന്നും തേജസ്വിനിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അപകടത്തില്‍ ബിഎംആർസിഎൽ, എൻസിസി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എൻസിസിയുടെ ജൂനിയർ എഞ്ചിനീയർ പ്രഭാകർ, ഡയറക്ടർ ചൈതന്യ, സ്പെഷ്യൽ പ്രോജക്ട് മാനേജർ മത്തായി, പ്രോജക്ട് മാനേജർ വികാസ് സിംഗ്, സൂപ്പർവൈസർ ലക്ഷ്മിപാതു, ബിഎംആർസിഎൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ മഹേഷ് ബെൻഡേക്കരി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വെങ്കിടേഷ് ഷെട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

TAGS :

Next Story