Quantcast

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങി: വൻ തുക പിരിക്കുന്നുവെന്ന് പരാതി, പ്രതിഷേധം

കാർ,ജീപ്പ് പോലുള്ള വാഹനങ്ങൾക്ക് ഒറ്റത്തവണ 135 രൂപയും ഏഴിലധികം ആക്‌സിലുള്ള വാഹനങ്ങൾക്ക് 880 രൂപയുമാണ് ടോൾനിരക്ക്

MediaOne Logo

Web Desk

  • Updated:

    2023-03-14 13:16:30.0

Published:

14 March 2023 12:13 PM GMT

Bengaluru-Mysuru Expressway toll collection begins today
X

ബെംഗളൂരു: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങി. 135 രൂപ മുതൽ 880 രൂപ വരെയാണ് ഈടാക്കുന്നത്. വൻ തുക ടോൾ ആയി പിരിക്കാൻ തുടങ്ങിയതോടെ കനിമിനികേയിലെ ടോൾ പ്ലാസയ്ക്ക് സമീപം പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു.

ഞായറാഴ്ചയാണ് എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ബെംഗളൂരു മുതൽ മാണ്ഡ്യയിലെ നിദാഘട്ട വരെയും നിദാഘട്ട മുതൽ മൈസൂരു വരെയുമായി രണ്ട് ഭാഗങ്ങളിലായാണ് അതിവേഗ പാത. ബെംഗളൂരി-നിദാഘട്ട റീച്ചിൽ രാവിലെ എട്ട് മണിക്കാരംഭിച്ച ടോൾ പിരിവിൽ വാഹനങ്ങളെ ആറായി തിരിച്ചാണ് ടോൾ ഈടാക്കുന്നത്.കാർ,ജീപ്പ് പോലുള്ള വാഹനങ്ങൾക്ക് ഒറ്റത്തവണ 135 രൂപയും ഏഴിലധികം ആക്‌സിലുള്ള വാഹനങ്ങൾക്ക് 880 രൂപയുമാണ് ടോൾനിരക്ക്. ഇതിനിടയിലാണ് മറ്റ് വാഹനങ്ങളുടെ നിരക്ക് വരിക.

ബിജെപി സർക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നാണ് പത്ത് വരിപ്പാതയായ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ. ഏകദേശം 9000 കോടി രൂപയോളമാണ് പാതയ്ക്കായി ചെലവാക്കിയത്. നിലവിൽ മൂന്ന് മുതൽ നാല് മണിക്കൂർ വരെ വേണ്ടി വരുന്ന ബെംഗളൂരു-മൈസൂർ യാത്രാസമയം എക്‌സ്പ്രസ് വേയുടെ നിർമാണത്തോടെ മൂന്നിലൊന്നായി കുറയുമെന്നാണ് കണക്കാക്കുന്നത്.

118 കിലോമീറ്ററിൽ നിർമിച്ചിരിക്കുന്ന പാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. ഇത് പൂർത്തിയാകുന്നത് വരെ ടോൾ പിരിക്കില്ലെന്നായിരുന്നു നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. പൂർത്തിയാകാത്ത പാത ഉദ്ഘാടനം ചെയ്തതിന് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാർ അടക്കം നിരവധി പേർ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ടോൾ പിരിവ് കനത്തതോടെ ടോൾ പ്ലാസയിലെ ഒരു ടൂൾ ഗേറ്റ് സെൻസർ പ്രതിഷേധക്കാർ അടിച്ചു തകർത്തു. നിലവിൽ കനത്ത പൊലീസ് സുരക്ഷയിലാണ് പ്ലാസ.

TAGS :

Next Story