133 വർഷത്തിന് ശേഷം ആദ്യം; ബെംഗളൂരുവിൽ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ
ഞായറാഴ്ച പെയ്ത കനത്തമഴയിൽ വൻ നാശനഷ്ടമാണ് നഗരത്തിലുണ്ടായത്
ബെംഗളൂരു: കനത്ത മഴയിൽ മുങ്ങി ബെംഗളൂരു. ഞായറാഴ്ച അർധരാത്രി വരെ 111 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ പെയ്തത്. ഒറ്റദിവസം കൊണ്ട് പെയ്തത് ഒരുമാസത്തെ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. 133 വർഷത്തിന് ശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും മഴ ലഭിക്കുന്നത്. 1891 ജൂൺ 16 ന് 101.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റെക്കോർഡെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് പറയുന്നു.ആ റെക്കോർഡാണ് ഞായറാഴ്ച തിരുത്തിക്കുറിച്ചത്. ജൂൺ മാസത്തിൽ ബെംഗളൂരുവിൽ ലഭിക്കേണ്ട ശരാശരി മഴ 110.3 മില്ലിമീറ്ററാണ്. എന്നാൽ ഇതിനോടകം തന്നെ 120 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ഐഎംഡിയുടെ ഉദ്യോഗസ്ഥർ പറയുന്നു.
ബെംഗളൂരുവിലെ ഏറ്റവും കൂടുതൽ മഴ പെയ്തത് ഹംപി നഗറിലാണ്, 110.50 മില്ലിമീറ്റർ മഴ, മാരുതി മന്ദിര വാർഡ് (89.50 മില്ലിമീറ്റർ), വിദ്യാപീഠം (88.50 മില്ലിമീറ്റർ), കോട്ടൺപേട്ട് (87.50 മില്ലിമീറ്റർ) എന്നിവയാണ് കൂടുതൽ മഴ ലഭിച്ച മറ്റ് സ്ഥലങ്ങൾ. അടുത്ത കുറച്ച് ദിവസങ്ങളിൽ ബെംഗളൂരുവിൽ മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി, തിങ്കളാഴ്ചയും നഗരത്തിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.
കനത്തമഴയിൽ വൻ നാശനഷ്ടമാണ് ബെംഗളൂരുവിലുണ്ടായത്. ട്രാക്കിൽ മരം മുറിഞ്ഞ് വീണതോടെ ബെംഗളൂരു മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി ഏഴരയോടെ എം.ജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം വീണത്.മഴയെത്തുടർന്ന് നഗരത്തിലുടനീളം വെള്ളക്കെട്ടും ഗതാഗതതടസ്സവും ഉണ്ടായി.
Adjust Story Font
16