മൂന്ന് സംസ്ഥാനങ്ങളിലായി പരിശോധിച്ചത് 700 സിസിടിവികൾ; ബെംഗളൂരുവിലെ ലൈംഗികാതിക്രമ കേസ് പ്രതി കോഴിക്കോട് പിടിയിൽ
സംഭവം കർണാടകയിൽ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിലെ പ്രതിയെ കോഴിക്കോട്ടുനിന്ന് പിടികൂടി കർണാടക പൊലീസ്. ബെംഗളൂരുവിലെ ജാഗ്വാർ ഷോറൂമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സന്തോഷ് (26) ആണ് പിടിയിലായത്. മൂന്ന് സംസ്ഥാനങ്ങളിലായി 700 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
ഏപ്രിൽ മൂന്നിന് ബെംഗളൂരുവിലെ സുദ്ദഗുണ്ടേപാളയിലുള്ള ബിടിഎം ലേഔട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ട് സ്ത്രീകളെ ഒരാൾ പിന്തുടരുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഒരാൾ ഇയാളിൽനിന്ന് ഒഴിഞ്ഞുമാറിയപ്പോൾ മറ്റൊരാളെ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് പ്രതി ഇവിടെനിന്ന് രക്ഷപ്പെട്ടു.
ആദ്യം തമിഴ്നാട്ടിലെ ഹോസൂരിലേക്കാണ് രക്ഷപ്പെട്ടത്. പിന്നീട് സേലത്തേക്കും അവിടെനിന്നും കോഴിക്കോടുമെത്തി. സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് കഴിഞ്ഞദിവസമാണ് അന്ത്യമാകുന്നത്.
ആക്രമണം, ലൈംഗിക പീഡനം, പിന്തുടരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിലെ ഇരയെയും സുഹൃത്തിനെയും പൊലീസ് കണ്ടെത്തിയെങ്കിലും, അവർ സ്വകാര്യത അഭ്യർത്ഥിക്കുകയും അന്വേഷണത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമം കർണാടകയിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര നടത്തിയ പരാമർശമാണ് വിവാദമായത്. ‘ഇത്തരം സംഭവങ്ങൾ വലിയ നഗരങ്ങളിൽ സാധാരണമാണ്’ എന്നായിരുന്നു പരാമർശം. ഇതോടെ വിമർശനവുമായി ബിജെപി രംഗത്തുവന്നു. പരമേശ്വരയുടെ പരാമർശം വിവേകശൂന്യമാണെന്ന് പാർട്ടി വക്താവ് ജി. പ്രശാന്ത് പറഞ്ഞു. ‘സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും കുറ്റകൃത്യങ്ങളും അദ്ദേഹം സാധാരണവൽക്കരിക്കുകയാണോ? ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്’ -പ്രശാന്ത് കുറ്റപ്പെടുത്തി.
വൻ പ്രതിഷേധം ഉയർന്നതോടെ ജി. പരമേശ്വര പിന്നീട് പരസ്യമായി ക്ഷമാപണം നടത്തി. തന്റെ പ്രസ്താവന ശരിയായി മനസ്സിലാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് എപ്പോഴും വളരെയധികം ആശങ്കയുള്ള ഒരാളാണ് താൻ. നിർഭയ ഫണ്ടുകൾ അവരുടെ സംരക്ഷണത്തിനായി നന്നായി ഉപയോഗിക്കുന്നുണ്ടെന്ന് താൻ ഉറപ്പാക്കിയിട്ടുണ്ട്. പ്രസ്താവന വളച്ചൊടിക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല. ഇതിൽ ഏതെങ്കിലും സ്ത്രീകൾക്ക് വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും പരമേശ്വര കൂട്ടിച്ചേർത്തു.
Adjust Story Font
16