സുഹൃത്തായ നവവധുവിനെ കാണാനെത്തി; 11 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ അടിച്ചുമാറ്റി കൂട്ടുകാരി, ഒടുവില്‍ അറസ്റ്റ്
പശ്ചിമ ബെംഗളൂരുവിലെ പദരായണപുരയിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്
ബംഗളൂരുവില്‍ സുഹൃത്തായ നവവധുവിന്‍റെ വീട്ടില്‍ നിന്നും 11 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. പശ്ചിമ ബെംഗളൂരുവിലെ പദരായണപുരയിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബെൻസൺ ടൗൺ സ്വദേശിനിയായ അസ്ര സിദ്ദിഖിയാണ്(26) അറസ്റ്റിലായത്.
ചൊവ്വാഴ്ച സഹപാഠിയായിരുന്ന റൂഹിനാസിന്‍റെ വീട്ടിലെത്തിയ അസ്ര രാത്രി 8.30ഓടെ അത്താഴം കഴിഞ്ഞ് മടങ്ങിപ്പോയിരുന്നു. വസ്ത്രം മാറാനെന്ന വ്യാജേന സിദ്ദിഖി തന്‍റെ കിടപ്പുമുറിയിൽ മൂന്ന് തവണയെങ്കിലും പോയിരുന്നതായി റൂഹിനാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 11 മണിയോടെ റൂഹിനാസ് പുതുതായി വാങ്ങിയ പെർഫ്യൂം മുറിയില്‍ വയ്ക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്. 11 ലക്ഷം രൂപ വിലമതിക്കുന്ന 206 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയത്. തുടര്‍ന്ന് റൂഹിനാസ് ജെജ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലോക്കൽ പൊലീസ് നടപടിയെടുക്കുകയും അസ്രയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ആദ്യം നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും പ്രതി പിന്നീട് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയുടെ വാട്ടർ ടാങ്കിനടിയിൽ അസ്ര ഒളിപ്പിച്ച സ്വർണവും പൊലീസ് കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Adjust Story Font
16