Quantcast

ബിജെപിയുടെ 'ഭാരത'ത്തിന് ജീതേഗാ വച്ച് പ്രതിപക്ഷത്തിന്റെ ചെക്ക്

ബിജെപി ഭാരത് vs ഇന്ത്യ എന്ന പ്രചാരണം ആരംഭിച്ചതോടെയാണ് പ്രതിപക്ഷത്തിന്‍റെ ടാഗ് ലൈന്‍

MediaOne Logo

Web Desk

  • Published:

    19 July 2023 8:26 AM GMT

ബിജെപിയുടെ ഭാരതത്തിന് ജീതേഗാ വച്ച് പ്രതിപക്ഷത്തിന്റെ ചെക്ക്
X

ന്യൂഡൽഹി: വിശാല സഖ്യത്തിന്റെ 'ഇന്ത്യ'ക്ക് ഭാരതത്തിലൂടെ മറുപടി നൽകിയ ബിജെപിക്കിട്ട് കൊട്ടി വീണ്ടും പ്രതിപക്ഷം. 'ഇന്ത്യ'ക്കൊപ്പം ഭാരത് ജീതേഗാ (ഇന്ത്യ ജയിക്കും) എന്ന ടാഗ് ലൈൻ കൂടി ചേർത്താണ് പ്രതിപക്ഷം പോര് കനപ്പിച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ചേർന്ന വിശാല പ്രതിപക്ഷ യോഗമാണ് സഖ്യത്തിന് ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന് പേരിട്ടത്.

ഇതിന് പിന്നാലെ ഭാരത് vs ഇന്ത്യ എന്ന പ്രചാരണം ബിജെപി ആരംഭിച്ചിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്റർ ബയോയിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നു ചേർത്ത് അതിന് തുടക്കം കുറിച്ചു. ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന് പേരിട്ടത്, കൊളോണിയൽ ചിന്താഗതിയിൽനിന്ന് പുറത്തുകടക്കാൻ പ്രതിപക്ഷം ശ്രമിക്കണം തുടങ്ങിയ വിമർശനങ്ങളോടെയായിരുന്നു ഹിമന്തയുടെ ട്വീറ്റ്. ഇതിന് പിന്നാലെ വലതുപക്ഷ ട്വിറ്റർ ഹാൻഡ്‌ലുകൾ ഭാരത് എന്ന ഹാഷ്ടാഗിൽ നിരവധി കുറിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു.

ഹിന്ദി ബെൽറ്റിൽ വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള ബിജെപിയുടെ പ്രചാരണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് ഭാരത് ജീതേഗാ എന്ന ടാഗ് ലൈനുമായി പ്രതിപക്ഷം തിരിച്ചടിച്ചത്. നേരത്തെ, സഖ്യവുമായി ബന്ധപ്പെട്ട് ഭാരത് ജുഡേഗാ, ഇന്ത്യ ജീതേഗാ (ഭാരതം ഒന്നിക്കും, ഇന്ത്യ വിജയിക്കും) എന്ന കുറിപ്പ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

കോൺഗ്രസ്, ആർജെഡി, എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ് താക്കറെ), ജെ.ഡി(യു), ആർജെഡി, എഎപി അടക്കം 26 പ്രതിപക്ഷ കക്ഷികളാണ് ബംഗളൂരുവിൽ സമ്മേളിച്ചത്. പ്രതിപക്ഷത്തിന്റെ പൊതുമിനിമം പരിപാടി, ഒറ്റക്കെട്ടായുള്ള പ്രചാരണം എന്നിവയ്ക്കായി സമിതിക്കും രൂപം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നിരയ്ക്ക് ഇന്ത്യ എന്ന് പേരിടാനുള്ള ആശയം മുമ്പോട്ടുവച്ചത് രാഹുൽ ഗാന്ധി ആയിരുന്നു. എന്നാല്‍ സഖ്യത്തിന് ഹിന്ദിയിലുള്ള ടാഗ് ലൈൻ വേണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.

വിശാല പ്രതിപക്ഷത്തിലെ 28 കക്ഷികൾക്കും കൂടി ലോക്‌സഭയിൽ 142 പേരുടെ അംഗബലമാണുള്ളത്. ബിജെപിക്ക് ഒറ്റയ്ക്കു മാത്രം 301 അംഗങ്ങള്‍ സഭയിലുണ്ട്. എൻഡിഎയ്ക്ക് 332ഉം. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നതു പോലുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. ലോക്‌സഭയിൽ വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്ത ആർജെഡി, എഎപി തുടങ്ങിയ പാർട്ടികൾക്ക് കൂടുതൽ ജനസ്വാധീനവും വിവിധ നിയമസഭകളിൽ കൂടുതൽ അംഗബലവും ഉണ്ടാക്കിയിട്ടുണ്ട്.

അതിനിടെ, പ്രതിപക്ഷത്തെ നേരിടാൻ ബിജെപി 38 പാർട്ടികളെ അണിനിരത്തി ഡൽഹിയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. 1998ൽ വാജ്‌പേയിക്കു കീഴിൽ 24 പാർട്ടികളാണ് ഉണ്ടായിരുന്നത്.

TAGS :

Next Story