ഭാരത് ജോഡോ ന്യായ് യാത്ര: മണിപ്പൂരിൽ പുതിയ വേദി കണ്ടെത്താൻ കോൺഗ്രസ്
മണിപ്പൂരിൽനിന്ന് തന്നെ യാത്ര തുടങ്ങാനാണ് കോൺഗ്രസ് തീരുമാനം
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് മണിപ്പൂരിൽ പുതിയ വേദി കണ്ടെത്താൻ കോൺഗ്രസ്. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ ഉദ്ഘാടനത്തിന് സർക്കാർ നിയന്ത്രണം വെച്ചതോടെ തൗബലിലെ സ്വകാര്യ ഭൂമിയിൽ ഉദ്ഘാടനം നടത്താനാണ് ആലോചന.
മണിപ്പൂരിൽനിന്ന് തന്നെ യാത്ര തുടങ്ങാനാണ് കോൺഗ്രസ് തീരുമാനം. യാത്ര ആരംഭിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ട സ്ഥലത്ത് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് സർക്കാർ നിർദേശം നൽകിയത്.
എന്നാൽ, ഇത് സാധ്യമല്ലാത്തതിനാലാണ് പുതിയ വേദി കണ്ടെത്തുന്നത്. തൗബലിലെ ഖോങ്‌ജോമിലെ യുദ്ധസ്മാരക സമുച്ചയത്തിന് സമീപമുള്ള സ്ഥലമാണ് കോൺഗ്രസ് കണ്ടിരിക്കുന്നത്. എ.ഐ.സി.സി നേതൃത്വവുമായി വേദിയുടെ കാര്യം ചർച്ച ചെയ്തുവരികയാണെന്ന് പി.സി.സി പ്രസിഡന്റ് കെയ്‌ഷാം മേഘചന്ദ്ര പറഞ്ഞു.
അനുമതിയുമായി ബന്ധപ്പെട്ട് മണിപ്പുർ കോൺഗ്രസ് പ്രസിഡന്റ് കെ.മേഘചന്ദ്ര മറ്റു പാർട്ടി നേതാക്കൾക്കൊപ്പം ഇന്നലെ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ സന്ദർശിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി വലിയൊരു പരിപാടി നടത്താൻ സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു.
ജനുവരി 14ന് മണിപ്പൂരിൽനിന്ന് തുടങ്ങി മാർച്ച് 20ന് മുംബൈയിൽ സമാപിക്കുന്ന രീതിയിലാണ് ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ആകെ 6713 കിലോമീറ്റർ ദൂരമാണ് യാത്ര. ഇതിൽ 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉൾപ്പെടും.
Adjust Story Font
16