ഭാരത് ജോഡോ ന്യായ് യാത്ര: ഉദ്ഘാടനവേദിക്ക് മണിപ്പൂർ സർക്കാർ അനുമതി നിഷേധിച്ചു
ജനുവരി 14ന് മണിപ്പൂരിൽനിന്ന് തുടങ്ങി മാർച്ച് 20ന് മുംബൈയിൽ സമാപിക്കുന്ന രീതിയിലാണ് ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിക്ക് മണിപ്പൂർ സർക്കാർ അനുമതി നിഷേധിച്ചു. ഉദ്ഘാടനത്തിന് ഇംഫാലിലെ പാലസ് ഗ്രൗണ്ട് അനുവദിക്കണമെന്ന ആവശ്യമാണ് സർക്കാർ തള്ളിയത്.
അതേസമയം യാത്ര മണിപ്പൂരിൽനിന്ന് തന്നെ തുടങ്ങുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഒരു യാത്ര നടത്തുമ്പോൾ മണിപ്പൂരിനെ ഒഴിവാക്കാനാവില്ല. ഇത് രാഷ്ട്രീയ പരിപാടിയല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ യാത്രയെ പേടിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം. സംഘർഷനാളുകളിൽ മണിപ്പൂർ സന്ദർശിച്ച് സമാധാന സന്ദേശം നൽകിയ നേതാവാണ് രാഹുൽ ഗാന്ധി. വേദിക്ക് അനുമതി നിഷേധിച്ചതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും വേണുഗോപാൽ ചോദിച്ചു.
ജനുവരി 14ന് മണിപ്പൂരിൽനിന്ന് തുടങ്ങി മാർച്ച് 20ന് മുംബൈയിൽ സമാപിക്കുന്ന രീതിയിലാണ് ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ആകെ 6713 കിലോമീറ്റർ ദൂരമാണ് യാത്ര. ഇതിൽ 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉൾപ്പെടും.
Adjust Story Font
16