ആം ആദ്മിയെ വെട്ടി കോണ്‍ഗ്രസ്; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 21 പാര്‍ട്ടികള്‍ക്ക് ക്ഷണം
മല്ലികാർജുന്‍ ഖാർഗെ വിവിധ പാർട്ടി അധ്യക്ഷന്മാരെ കത്തയച്ചാണ് ക്ഷണിച്ചത്
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിന് സമാനചിന്താഗതിക്കാരായ 21 പ്രതിപക്ഷ പാർട്ടികൾക്ക് കത്തയച്ച് കോൺഗ്രസ്. എന്നാൽ ആംആദ്മി പാർട്ടി, ജെഡി(എസ്), ബിജെഡി, ബിആർഎസ്, അകാലിദൾ എന്നീ പാർട്ടികളെ ക്ഷണപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ജനുവരി 30 ന് കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന് ഖാർഗെയാണ് 21 പാർട്ടി അധ്യക്ഷൻമാർക്കും കത്തയച്ചത്. ഈ പാർട്ടികളുടെ സാന്നിധ്യം യാത്രയുടെ സത്യം, അനുകമ്പ, അഹിംസ തുടങ്ങിയ സന്ദേശത്തെ ശക്തിപ്പെടുത്തുമെന്ന് കത്തിൽ പറയുന്നു. നേരത്തെ രാഹുൽ ഗാന്ധി നിരവധി പ്രമുഖർക്ക് വ്യക്തിപരമായി കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ക്ഷണക്കത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.
ടിഎംസി, എസ്പി, ഡിഎംകെ, സിപിഐ എം, സിപിഐ, ജെഡിയു, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), എൻസിപി, ജെഎംഎം, ആർജെഡി, പിഡിപി, നാഷണൽ കോൺഫറൻസ്, ടിഡിപി, ബിഎസ്പി , മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികൾക്കാണ് സമാപന സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാവി ചർച്ചകൾക്ക് തുടക്കമിടാനുള്ള പാർട്ടിയുടെ ശ്രമമായാണ് ഈ ഒത്തുചേരലിനെ കാണുന്നത്.
അതേസമയം,ആംആദ്മി പാർട്ടിക്ക് പുറമെ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജെഡിഎസ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് എന്നിവയെ ക്ഷണിക്കാത്തതും ശ്രദ്ധേയമായി. നിലവിൽ ഡൽഹിയിലും പഞ്ചാബിലും ആംആദ്മി പാർട്ടിയാണ് ഭരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ ഭാരത് ജോഡോ യാത്രയിൽ നിർബന്ധമാക്കണമെന്ന് ആംആദ്മി പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസിന്‍റെ ഇഷ്ടക്കേട് പിടിച്ചുപറ്റിയെന്നാണ് വിലയിരുത്തുന്നത്.
സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 10 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയും കടന്ന് 3,300 കിലോമീറ്റർ പിന്നിട്ട് ബുധനാഴ്ച യാത്ര പഞ്ചാബിൽ പ്രവേശിച്ചു. വർഗീയതക്കെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഭാരത് ജോഡോ യാത്ര മുന്നോട്ട് വെക്കുന്ന സന്ദേശം.
Adjust Story Font
16