Quantcast

കാര്‍ഷിക നിയമം; പ്രതിഷേധത്തിനൊരുങ്ങി ആര്‍.എസ്.എസ് അനുകൂല സംഘടനയായ ഭാരതീയ കിസാന്‍ സംഘ്

കർണാലിൽ കർഷകരും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ച പരാജയം, മിനി സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്ന് കർഷകർ

MediaOne Logo

Web Desk

  • Updated:

    2021-09-07 11:49:30.0

Published:

7 Sep 2021 10:54 AM GMT

കാര്‍ഷിക നിയമം; പ്രതിഷേധത്തിനൊരുങ്ങി ആര്‍.എസ്.എസ് അനുകൂല സംഘടനയായ ഭാരതീയ കിസാന്‍ സംഘ്
X

കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് ആര്‍.എസ്.എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. നാളെ ഡൽഹി ജന്തർ മന്തറിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും. പുതിയ കാര്‍ഷിക നിയമങ്ങളും താങ്ങുവിലയും സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം നല്‍കിയ ഉറപ്പ് നടപ്പിലാക്കാത്തതിനാലാണ് ബി.കെ.എസ് പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

ഭാരതീയ കിസാൻ സംഘിനെ വിശ്വസിക്കാനാകില്ലെന്നാണ് സംയുക്ത കിസാൻ മോർച്ച നേതാക്കളുടെ പ്രതികരണം. അതേസമയം, കർണാലിൽ കർഷകരും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ, മിനി സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്ന് കർഷകർ വ്യക്തമാക്കി. മാർച്ച് നടത്തരുതെന്ന് കർഷകരോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

ആഗസ്റ്റ് 28 ന് കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേത‍ൃത്വത്തില്‍ കർണാൽ മിനി സെക്രട്ടേറിയേറ്റിന് സമീപം മഹാപഞ്ചായത്ത് ചേരുന്നത്. ലാത്തിച്ചാർജിൽ കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയെന്ന് ആരോപണം ഉയരുന്ന എസ്.ഡി. എമ്മിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എസ്.ടി.എമ്മിനെ സ്ഥലം മാറ്റുക മാത്രമാണ് സർക്കാർ ചെയ്തത്.

മരിച്ച കർഷകനും പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കർഷകർ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി മഹാപഞ്ചായത്ത് ചേരുന്നത്. ഹരിയാന, യു.പി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നെത്തിയ കര്‍ഷകരാണ് കര്‍ണാലില്‍ ഒത്തുകൂടിയിട്ടുള്ളത്. സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. കർണാലടക്കം ആറ് ജില്ലകളിൽ ഇന്‍റര്‍നെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story