ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി ഇൻഡ്യ സഖ്യത്തിൽ ചേരുമെന്ന് റിപ്പോർട്ട്
മായാവതി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഭീ ആർമിയെ കൂടെ കൂട്ടിയാൽ ദലിത് വോട്ടുകൾ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യ സഖ്യം.
ലഖ്‌നോ: ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യ സഖ്യത്തിൽ ചേരുമെന്ന് സൂചന. രാഷ്ട്രീയ ലോക്ദളിന്റെ നേതൃത്വത്തിലാണ് ഭീം ആർമിയെ ഇൻഡ്യ സഖ്യത്തിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. ചന്ദ്രശേഖർ ആസാദിലൂടെ ദലിത് സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനാവുമെന്ന പ്രതീക്ഷയാണ് ഇൻഡ്യ മുന്നണിക്കുള്ളത്.
ചന്ദ്രശേഖർ ആസാദുമായി തങ്ങൾക്ക് നല്ല ബന്ധമാണുള്ളതെന്ന് ആർ.എൽ.ഡി ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി പറഞ്ഞു. ഭീം ആർമി എപ്പോൾ ഇൻഡ്യ സഖ്യത്തിൽ എത്തുമെന്ന് പറയാൻ ത്യാഗി തയ്യാറായില്ല. അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടികൾ സഖ്യത്തിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
മായാവതിയുടെ ബി.എസ്.പി ഇൻഡ്യ സഖ്യവുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഭീ ആർമിയെ കൂടെ കൂട്ടിയാൽ ദലിത് വോട്ടുകൾ നേടാനാവുമെന്ന് ആർ.എൽ.ഡി വൃത്തങ്ങൾ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംവരണ മണ്ഡലമായ നാഗിനയിൽനിന്ന് മത്സരിക്കുമെന്ന് ആസാദ് സൂചിപ്പിച്ചിരുന്നു. ദലിത്, മുസ്‌ലിം വോട്ടുകൾ നിർണായകമായ മണ്ഡലമാണ് ഇത്. ഒക്ടോബർ 9ന് നാഗിനയിൽ ആസാദ് പൊതുയോഗം വിളിച്ചിട്ടുണ്ട്.
ബി.എസ്.പിയുടെ ഗിരീഷ് ചന്ദ്രയാണ് നാഗിനയിലെ ഇപ്പോഴത്തെ എം.പി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ യശ്വന്ത് സിങ്ങിനെ 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗിരീഷ് ചന്ദ്ര തോൽപ്പിച്ചത്. എസ്.പി-ബി.എസ്.പി സഖ്യമായിരുന്നു അന്ന് മത്സരിച്ചത്. 2014ൽ ബി.എസ്.പി ഒറ്റക്ക് മത്സരിച്ചപ്പോൾ ഗിരീഷ് ചന്ദ്ര മൂന്നാം സ്ഥാനത്തായിരുന്നു.
Adjust Story Font
16