Quantcast

ഭീമ കൊറേഗാവ് കേസിൽ ഗൗതം നവ്‌ലാഖക്ക്‌ ജാമ്യം

ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ 2022ൽ സുപ്രിംകോടതി നവ്‌ലാഖക്ക് വീട്ടുതടങ്കൽ അനുവദിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    14 May 2024 7:40 AM GMT

Bhima Koregaon Case : Supreme Court Grants Bail To Gautam Navlakha
X

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഗൗതം നവ്‌ലാഖക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഭീമ കൊറേഗാവ് കേസിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ നവ്‌ലാഖയെ 2020 എപ്രിൽ 14നാണ് അറസ്റ്റ് ചെയ്തത്. നവ്‌ലാഖക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ എൻ.ഐ.എ സുപ്രിംകോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ എം.എം സുന്ദ്രേഷ്, എസ്.വി.എൻ ഭട്ടി എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ 2022ൽ സുപ്രിംകോടതി നവലാഖക്ക് വീട്ടുതടങ്കൽ അനുവദിച്ചിരുന്നു. 2018 ജനുവരി ഒന്നിന് പൂനെ ജില്ലയിൽ ഭീമ കൊറേഗാവിൽ നടന്ന സംഘർഷവുമായി നവ്‌ലാഖക്ക് ബന്ധമുണ്ടെന്നായിരുന്നു എൻ.ഐ.എ ആരോപണം.

ബോംബെ ഹൈക്കോടതി കഴിഞ്ഞ വർഷം ഡിസംബറിൽ നവ്‌ലാഖക്ക് ജാമ്യം അനുവദിച്ചിരുന്നു. യു.എ.പി.എ നിയമത്തിലെ സെക്ഷൻ 15 പ്രകാരം നവ്‌ലാഖക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, ശിവകുമാർ ഡിഗെ എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ എൻ.ഐ.എ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് മൂന്നാഴ്ചക്ക് ശേഷം ഹൈക്കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. നവ്‌ലാഖക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.

TAGS :

Next Story