Quantcast

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി

ബിജെപി ഗുജറാത്ത് ഘടകം ഇന്‍ചാര്‍ജ് കൂടിയായ ഭൂപേന്ദ്ര പട്ടേലിന് നിയമസഭാ സാമാജികനായുള്ള കന്നി ഊഴത്തില്‍ തന്നെ മുഖ്യമന്ത്രിയായും അരങ്ങേറ്റം ലഭിച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2021-09-12 12:18:08.0

Published:

12 Sep 2021 11:14 AM GMT

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി
X

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി. വിജയ് രൂപാണി രാജിവച്ച ഒഴിവിലേക്കാണ് ബിജെപി നേതൃത്വം അപ്രതീക്ഷിത മുഖത്തെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഉയര്‍ന്നുകേട്ട പേരുകളില്‍നിന്നു വ്യത്യസ്തമായാണ് ഇന്ന് ഗാന്ധിനഗറില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ ഭൂപേന്ദ്രയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്.

കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാര്‍ ആണ് പ്രഖ്യാപനം നടത്തിത്. ബിജെപി സംസ്ഥാന ഘടകത്തിന്റെ ഇന്‍ചാര്‍ജാണ് ഭൂപേന്ദ്ര പട്ടേല്‍. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി ആനന്ദിബന്‍ പട്ടേല്‍ മത്സരിച്ചിരുന്ന ഘഡ്‍ലോദിയയില്‍നിന്നുള്ള എംഎല്‍എയാണ്. നിയമസഭാ സാമാജികനായുള്ള കന്നി ഊഴത്തില്‍ തന്നെ മുഖ്യമന്ത്രിയായും അരങ്ങേറ്റം ലഭിച്ചിരിക്കുകയാണ് അദ്ദേഹത്തിന്. നേരത്തെ, അഹ്‌മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

നിയമസഭാ കക്ഷി യോഗത്തില്‍ നരേന്ദ്ര സിങ് തോമാറിനു പുറമെ കേന്ദ്രമന്ത്രിയായ പ്രല്‍ഹാദ് ജോഷിയും പങ്കെടുത്തു. ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് വിജയ് രൂപാണി ഗവര്‍ണര്‍ ആചാര്യ ദേവരതിന് രാജി സമര്‍പ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു രാജി.

ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോട പട്ടേല്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍, കൃഷി മന്ത്രി ആര്‍സി ഫല്‍ദു, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല എന്നിവരുടെ പേരാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍, പട്ടേല്‍ സമുദായത്തിന്റെ അതൃപ്തി ഒഴിവാക്കാന്‍ ഈ വിഭാഗത്തില്‍നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും സജീവമായിരുന്നു. ഇതു ഭൂപേന്ദ്രയുടെ നിയമനത്തില്‍ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണു കരുതപ്പെടുന്നത്.

TAGS :

Next Story