ബി.ജെ.പിയെ ഞെട്ടിച്ച് യു.പി; പകുതി സീറ്റുകളിലും ഇൻഡ്യാ സഖ്യം
കേരളത്തിൽ 17 സീറ്റുകളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് എൻ.ഡി.എയും ഒരു സീറ്റിൽ എൽ.ഡി.എഫുമാണ് മുന്നിട്ടുനിൽക്കുന്നത്.
ന്യൂഡൽഹി: 400 സീറ്റ് അവകാശവാദവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങിയ ബി.ജെ.പിയെ ഞെട്ടിച്ച് ഉത്തർപ്രദേശ്. ആകെയുള്ള 80 സീറ്റിൽ കഴിഞ്ഞ തവണ 62 സീറ്റിലും വിജയിച്ച എൻ.ഡി.എ ഇത്തവണ 38 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 41 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും വാരാണസിയിൽ ഒരുഘട്ടത്തിൽ 6000ൽ അധികം വോട്ടുകൾക്ക് പിന്നിൽപോയത് ബി.ജെ.പിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ തവണ അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച സ്മൃതി ഇറാനി ഇത്തവണ 15,000ൽ അധികം വോട്ടുകൾക്ക് പിന്നിലാണ്.
ദേശീയതലത്തിൽ 290 സീറ്റുകളിലാണ് എൻ.ഡി.എ ലീഡ് ചെയ്യുന്നത്. ഇൻഡ്യാ സഖ്യം 223 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ഉത്തർപ്രദേശിന് പുറമെ മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 27 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിൽ 10 സീറ്റിലും ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. എൻ.ഡി.എക്ക് ഒരു സീറ്റിൽപോലും ലീഡ് ചെയ്യാൻ കഴിയുന്നില്ല.
Adjust Story Font
16