'സ്വാമിജിയെ അറസ്റ്റ് ചെയ്താൽ പ്രമുഖരുടെ പേരുകൾ പുറത്തുവരും'; ബി.ജെ.പി സീറ്റ് തട്ടിപ്പ് കേസിൽ ചൈത്ര കുന്ദാപുര
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിന്ദൂർ മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്തു വ്യവസായിയിൽനിന്ന് അഞ്ചുകോടി തട്ടിയെന്നാണ് കേസ്
അറസ്റ്റിലായ ചൈത്ര കുന്ദാപുര, പരാതിക്കാരന്‍ ഗോവിന്ദ ബാബു പൂജാരി
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് വാഗ്ദാാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പല പ്രമുഖർക്കും പങ്കുണ്ടെന്ന് ഹിന്ദുത്വ നേതാവ് ചൈത്ര കുന്ദാപുര. സ്വാമിജിയെ അറസ്റ്റ് ചെയ്താൽ സത്യം പുറത്തുവരുമെന്നും നിരവധി പ്രമുഖർക്ക് കേസിൽ പങ്കുണ്ടെന്നും ചൈത്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യംചെയ്യാൻ കൊണ്ടുവരുന്ന വഴിയാണ് ഇവർ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
ഗോവിന്ദ് ബാബു പൂജാരി എന്ന ഉഡുപ്പി സ്വദേശിയായ വ്യവസായിയിൽനിന്നു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ തട്ടിയെന്നാണ് ചൈത്രയ്‌ക്കെതിരായ കേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റ് അഞ്ചുപേർ കൂടി പിടിയിലായിട്ടുണ്ട്. മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ തീവ്ര ഹിന്ദുത്വ നേതാവാണ് ചൈത്ര കുന്ദാപുര. ഉഡുപ്പിയിലെ കൃഷ്ണമഠത്തിൽനിന്നാണ് ചൈത്രയെ അറസ്റ്റ് ചെയ്തത്. അഭിനവ ഹാലശ്രീ സ്വാമിജി എന്ന പേരിലുള്ള പൂജാരി ഉൾപ്പെടെ മറ്റ് അഞ്ചുപേർ ചിക്ക്മഗളൂരുവിൽനിന്നും പിടിയിലായി. പ്രതികളെ ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കി പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
ഉഡുപ്പി ബിന്ദൂർ സ്വദേശിയാണ് ഗോവിന്ദ് ബാബു. ചെഫ്താൽക് ന്യൂട്രി ഫുഡ്‌സ് എന്ന പേരിലുള്ള പോഷകാഹാര ശൃംഖലയുടെ ഉടമയാണ്. ഇതോടൊപ്പം ബംഗളൂരുവിൽ ഇവന്റ് മാനേജ്‌മെന്റ്, കാറ്ററിങ് ബിസിനസും നടത്തുന്നുണ്ട്. ബംഗളൂരുവിലെ ബന്ദേപാളയ പൊലീസ് സ്റ്റേഷനിലാണ് അഞ്ചു കോടി രൂപ തട്ടിയ സംഘത്തിനെതിരെ ഇദ്ദേഹം പരാതി നൽകിയത്.
വരലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ബിന്ദൂരിൽ കഴിഞ്ഞ ഏഴു വർഷമായി സാമൂഹികപ്രവർത്തനം നടത്തുന്നുണ്ട് ഗോവിന്ദ് ബാബു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു ബി.ജെ.പി പ്രവർത്തകൻ അദ്ദേഹത്തെ ചൈത്രയ്ക്കു പരിചയപ്പെടുത്തുന്നത്. ഈ പരിചയത്തിന്റെ ബലത്തിലാണ് കഴിഞ്ഞ ബംഗളൂരു നിയമസഭാ തെരഞ്ഞെടുപ്പിൽ ബിന്ദൂരിൽനിന്ന് ബി.ജെ.പി അക്കൗണ്ടിൽ മത്സരിപ്പിക്കാമെന്ന് ചൈത്ര ഇദ്ദേഹത്തിന് ഉറപ്പുനൽകുന്നത്. ഡൽഹിയിലെ ഉന്നത ബി.ജെ.പി നേതാക്കളുമായി പരിചയപ്പെടുത്തുകയും ഉന്നത പദവികൾ നൽകുകയും ചെയ്യാമെന്നും വാഗ്ദാനമുണ്ടായിരുന്നു.
തുടർന്ന് ബി.ജെ.പി യുവമോർച്ച ജനറൽ സെക്രട്ടറി ഗഗൻ കാടൂരുമായി ചൈത്ര ഗോവിന്ദിനെ പരിചയപ്പെടുത്തുകയും 2022 ജൂലൈ നാലിന് ഇവർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 45 വർഷത്തോളം ഉത്തരേന്ത്യയിൽ ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തിക്കുന്നയാളാണെന്നു പരിചയപ്പെടുത്തി 'വിശ്വനാഥ്ജി' എന്നു പേരുള്ളയാളുമായി മറ്റൊരു കൂടിക്കാഴ്ച നടന്നു. തുടർന്ന് 2022 ജൂലൈ ഏഴിന് ബിന്ദൂരിൽ വച്ച് വിശ്വനാഥ്ജിക്ക് ഗോവിന്ദ് ബാബു 50 ലക്ഷം രൂപ നൽകി. പിന്നീടാണ് ഹോസ്‌പെട്ടിലെ ഒരു മഠത്തിലെ പൂജാരിയായ അഭിനവ ഹാലശ്രീയെ ചൈത്രയ്ക്കും സംഘത്തിനുമൊപ്പം കാണുന്നത്. ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത ഇയാൾക്ക് ഗോവിന്ദ് ഇവിടെവച്ച് 1.5 കോടി നൽകുകയും ചെയ്തു.
ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം എന്നു സ്വയം പരിചയപ്പെടുത്തിയ ഒരു നായികിനെ കാണുന്നത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ബിന്ദൂരിൽ സീറ്റ് നൽകാമെന്ന് ഇയാൾ ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് 2022 ഒക്ടോബർ 29ന് ഇയാൾക്ക് മൂന്നു കോടി രൂപയും നൽകി. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് വിശ്വനാഥ്ജി എന്നയാൾ ശ്വാസതടസത്തെ കുറിച്ച് മരിച്ചതായി ഗോവിന്ദിനെ അറിയിച്ചു. സംശയം തോന്നി ആർ.എസ്.എസ് ഓഫിസിൽ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരാളെക്കുറിച്ച് വിവരമില്ലെന്ന് അറിയിച്ചത്. ചിക്ക്മഗളൂരു സ്വദേശിയായ രമേശ് ആണ് ആർ.എസ്.എസ് പ്രചാരകായി കബളിപ്പിച്ചത്. ബി.ജെ.പി നേതാവെന്ന പേരിൽ എത്തിയ നായിക് കെ.ആർ പുരം സ്വദേശിയായ തെരുവുകച്ചവടക്കാരനാണെന്നും വ്യക്തമായിയിട്ടുണ്ട്.
Summary: Big personalities in BJP ticket scam in Karnataka: Arrested Chaitra Kundapura claims
Adjust Story Font
16