വൻ വാഗ്‌ദാനങ്ങൾ, നായിഡുവിനെ ഫോണിൽ വിളിച്ച് മോദി; ഭരണം ഉറപ്പിക്കാൻ ബിജെപിയുടെ നീക്കം
ടിഡിപിയെ കൂടെനിർത്താൻ എന്‍ഡിഎയുടെ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്‌ദാനം ചെയ്‌തെന്നാണ് വിവരം.
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ചിത്രം ഏകദേശം വ്യക്തമായതോടെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ തേടുകയാണ് നേതാക്കൾ. ഇൻഡ്യ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഞെട്ടിയ എൻഡിഎ മൂന്നാംവട്ടവും ഭരണം ഉറപ്പിക്കാനുള്ള നിർണായക കരുക്കൾ നീക്കിക്കഴിഞ്ഞു. എക്‌സിറ്റ് പോളുകളിൽ കണ്ട വമ്പൻ പ്രകടനം സാധ്യമാകാതെ പോയതോടെ മുന്നണിയിലെ പാർട്ടികളെ വിടാതെ ചേർത്തുനിർത്താനും പുറത്തുള്ള കക്ഷികളെ കൂടെക്കൂട്ടാനുമുള്ള ശ്രമത്തിലാണ് ബിജെപി. ആന്ധ്രപ്രദേശിൽ വമ്പൻ വിജയം നേടിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടുകയാണ് ഭരണ, പ്രതിപക്ഷ കക്ഷികൾ.
ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി ആന്ധ്രാപ്രദേശിൽ അധികാരം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണത്തേതുപോലെ മികച്ച പ്രകടനം സാധ്യമാകാതെ പോയതോടെ ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് എൻഡിഎക്ക് നിർണായകമാണ്. നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയെ (ടിഡിപി) എൻഡിഎയിൽ തന്നെ നിലനിർത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിക്കാൻ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് നായിഡുവുമായി സംസാരിച്ചുവെന്നാണ് സൂചന. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നായിഡുവിനെ ഫോണിൽ വിളിച്ചു. ടിഡിപിയെ കൂടെനിർത്താൻ എന്‍ഡിഎയുടെ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ ചന്ദ്രബാബു നായിഡുവിന് വൻ വാഗ്‌ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെച്ചതെന്നാണ് വിവരം.
ഇൻഡ്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി ബന്ധം പുലർത്തുന്നുണ്ട്. നായിഡുവിന്റെ ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയതോടെയാണ് വൻ വാഗ്ദാനങ്ങളുമായി ബിജെപി നായിഡുവിന് മുന്നിലേക്കെത്തിയത്. നിലവിലെ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാൽ ഇൻഡ്യ മുന്നണിക്ക് 30ലധികം സീറ്റുകൾ ലഭിക്കും. അതിനാൽ ടിഡിപി മറുകണ്ടം ചാടാതിരിക്കാൻ നിർണായക നീക്കങ്ങൾ നടത്തുകയാണ് ബിജെപി.
ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 175 സീറ്റുകളിൽ 135 സീറ്റുകളിലും ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 63 മണ്ഡലങ്ങളിൽ ടിഡിപി വിജയം നേടിക്കഴിഞ്ഞു. 73 ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. 21 സീറ്റുകൾ മാത്രമാണ് വൈഎസ്ആർ കോൺഗ്രസിന് ഇതുവരെ നേടാനായത്. 68 സീറ്റുകൾ ഇതിനോടകം വൈഎസ്‌ആർ കോൺഗ്രസിന് നഷ്‌ടമായി കഴിഞ്ഞു.
ആന്ധ്രയിൽ ടിഡിപി വൻതിരിച്ചുവരവാണ് നടത്തിയത്. ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറാനാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം. ജൂൺ 9നാണ് നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം, ആന്ധ്രാപ്രദേശ് ഗവർണർ എസ് അബ്ദുൾ നസീറിനോട് സമയം ആവശ്യപ്പെട്ട ജഗൻ മോഹൻ റെഡ്ഡി ഇന്ന് രാജിക്കത്ത് സമർപ്പിക്കുമെന്നും സൂചനകളുണ്ട്.
Adjust Story Font
16