ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; 53 സീറ്റുകൾ നഷ്ടം
ഉത്തർപ്രദേശിലാണ് ഏറ്റവുമധികം സീറ്റ് കുറഞ്ഞത്
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ വൻ തിരിച്ചടി നേരിട്ട് ബി.ജെ.പി. 2019നെ അപേക്ഷിച്ച് 53 സീറ്റുകളാണ് ഇത്തവണ കുറഞ്ഞത്. കഴിഞ്ഞതവണ 179 സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇത്തവണ അത് 126 ആയി ചുരുങ്ങി.
ഉത്തർപ്രദേശിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 36 സീറ്റിൽ മാത്രമാണ് ഇത്തവണ ജയിക്കാനായത്. കഴിഞ്ഞതവണ 62 സീറ്റ് ബി.ജെ.പി നേടിയിരുന്നു.
രാജസ്താനിൽ 10 സീറ്റാണ് ഇത്തവണ ബി.ജെ.പിക്കുള്ളത്. 2019ൽ 24 സീറ്റ് ഇവിടെ ലഭിച്ചിരുന്നു. ബിഹാറിൽ 12 സീറ്റാണ് ഇത്തവണ നേടിയത്. കഴിഞ്ഞതവണയിത് 17 സീറ്റായിരുന്നു.
ഒരു സീറ്റ് മാത്രമുള്ള ഛണ്ഡീഗഢിലും ബി.ജെ.പി കോൺഗ്രസിനോട് തോറ്റു. കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പിയായിരുന്നു ഇവിടെ ജയിച്ചിരുന്നത്.
ഛത്തീസ്ഗഢിൽ 10 സീറ്റിൽ ബി.ജെ.പി മുന്നിട്ടുനിൽക്കുകയാണ്. ഒരിടത്ത് കോൺഗ്രസുമാണുള്ളത്. കഴിഞ്ഞതവണ ഒമ്പത് സീറ്റായിരുന്നു ബി.ജെ.പിക്ക്. കോൺഗ്രസ് രണ്ടിടത്തും ജയിച്ചും. 2019ലേതിന് സമാനമായി ഡൽഹിയിൽ ഏഴിടത്തും ഇത്തവണ ബി.ജെ.പി മുന്നിട്ടുനിൽക്കുകയാണ്.
ഹരിയാനയിൽ അഞ്ച് സീറ്റിൽ കോൺഗ്രസും അഞ്ചിടത്ത് ബി.ജെ.പിയുമാണ് മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ തവണ പത്തിൽ പത്തും ബി.ജെ.പിക്കൊപ്പമായിരുന്നു. ഹിമാചൽ പ്രദേശിൽ ഇത്തവണയും നാലിടത്തും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.
ജാർഖണ്ഡിൽ എട്ട് സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞതവണ 12 സീറ്റ് ഇവിടെ നിന്ന് നേടിയിരുന്നു. മധ്യപ്രദേശിലെ 29 സീറ്റും ഇത്തവണ ബി.ജെ.പി തൂത്തുവാരിയിട്ടുണ്ട്. കഴിഞ്ഞതവണ 28ൽ ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസുമായിരുന്നു. ഉത്തരാഖണ്ഡിൽ അഞ്ച് സീറ്റും ഇത്തവണയും ബി.ജെ.പിക്കൊപ്പമാണ്.
2019ൽ 303 സീറ്റാണ് ബി.ജെ.പി ആകെ നേടിയത്. ഇത്തവണ 241 സീറ്റിലാണ് മുന്നിട്ടുനിൽക്കുന്നത്. അതേസമയം, 2019ൽ 52 സീറ്റിൽ ഒതുങ്ങിയിരുന്ന കോൺഗ്രസ് ഇത്തവണ 98 സീറ്റ് നേടി വലിയ തിരിച്ചുവരവാണ് നടത്തിയത്.
Adjust Story Font
16