Quantcast

'ഏറ്റവും വലിയ ഇന്‍ഫ്ലുവന്‍സര്‍': പ്രധാനമന്ത്രിയെ പ്രശംസിച്ച് അക്ഷയ് കുമാര്‍

മോദിയുടെ വാക്കുകള്‍ സിനിമാ മേഖലയില്‍ മാറ്റം കൊണ്ടുവരുമെന്ന് അക്ഷയ് കുമാർ

MediaOne Logo

Web Desk

  • Updated:

    2023-01-23 15:06:07.0

Published:

23 Jan 2023 2:14 PM GMT

Akshay Kumar praises PM Narendra Modi
X

അക്ഷയ് കുമാറും നരേന്ദ്ര മോദിയും (ഫയല്‍ ഫോട്ടോ)

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടൻ അക്ഷയ് കുമാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസർ നരേന്ദ്ര മോദിയാണെന്നും അദ്ദേഹത്തിന്‍റെ വാക്കുകള്‍ സിനിമാ മേഖലയില്‍ മാറ്റം കൊണ്ടുവരുമെന്നും അക്ഷയ് കുമാർ പറഞ്ഞു. പുതിയ സിനിമയായ സെല്‍ഫിയുടെ പ്രമോഷനിടെയാണ് അക്ഷയ് കുമാറിന്‍റെ പ്രതികരണം.

സിനിമകളെ സംബന്ധിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 17ന് നടന്ന ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇത് സൂചിപ്പിച്ചാണ് അക്ഷയ് കുമാറിന്‍റെ പ്രശംസ.

"പ്രധാനമന്ത്രി അത്തരമൊരു കാര്യം പറയുമ്പോള്‍ പോസിറ്റീവായ കാര്യങ്ങളെ എപ്പോഴും സ്വാഗതം ചെയ്യണം. ഇന്ത്യയില്‍ ഏറ്റവും സ്വാധീന ശേഷിയുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കൊണ്ട് മാറ്റം സംഭവിച്ചാല്‍ അത് സിനിമാ മേഖലയ്ക്ക് നല്ലതാണ്. നമ്മള്‍ സിനിമകള്‍ നിര്‍മിക്കുന്നു, സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി നേടുന്നു, അപ്പോള്‍ ആരോ എന്തോ പറയുന്നു, കുഴപ്പമാകുന്നു. പ്രധാനമന്ത്രി പറഞ്ഞത് നമുക്ക് നല്ലതാണെന്ന് ഞാന്‍ കരുതുന്നു"- അക്ഷയ് കുമാര്‍ പറഞ്ഞു.

കാര്യങ്ങള്‍ തീര്‍ച്ചയായും മാറും. നമ്മള്‍ മോശം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. 'സെല്‍ഫി' എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ.

ഡൈവിങ് ലൈസന്‍സ് എന്ന മലയാളം സിനിമയുടെ റീമെയ്ക്കാണ് സെല്‍ഫി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഹിന്ദി റീമേക്കിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെൽഫിയുടെ നിര്‍മാണം.

Summary- 'Biggest Influencer' Akshay Kumar hails PM Narendra Modi for asking BJP workers to avoid unnecessary comments on films

TAGS :

Next Story