Quantcast

ബിഹാറിൽ ജാതി സെൻസസിന് ഇന്ന് തുടക്കം; വിവരശേഖരണത്തിന് മൂന്നര ലക്ഷം പേർ

മെയ് മാസം സെൻസസ് പൂർത്തിയാകും

MediaOne Logo

Web Desk

  • Published:

    7 Jan 2023 2:04 AM GMT

ബിഹാറിൽ ജാതി സെൻസസിന് ഇന്ന് തുടക്കം; വിവരശേഖരണത്തിന് മൂന്നര ലക്ഷം പേർ
X

പാട്‍ന: ബിഹാറിൽ ജാതി സെൻസസ് ഇന്ന് ആരംഭിക്കും. കേന്ദ്രസർക്കാർ ജാതി സെൻസസ് എടുക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് ബിഹാർ കണക്കെടുപ്പിന് തുടക്കം കുറിക്കുന്നത്. മൊബൈൽ ആപ്പ് വഴി ആദ്യഘട്ടത്തിൽ ജാതി തിരിച്ചുള്ള വീടുകളുടെ കണക്കുകളാണ് എടുക്കുക.

ജില്ലാ കലക്ടറെ നോഡൽ ഓഫീസറായി നിയമിച്ചുകൊണ്ടാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുന്നത്. സെൻസസ് നടപടികൾക്കായി മൂന്നരലക്ഷം പേരെയാണ് പരിശീലനം നൽകി സർക്കാർ രംഗത്തിറക്കുന്നത്. മൊബൈൽ ആപ്പ് വഴി വാർഡ് തലത്തിൽ വീടുകളുടെ ജാതി തിരിച്ചുള്ള കണക്കുകളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുക. ഈ മാസം 21നകം ഒന്നാംഘട്ടം പൂർത്തിയാക്കുക എന്നതാണ് ബിഹാർ സർക്കാരിൻറെ ലക്ഷ്യം. രണ്ടാംഘട്ടത്തിൽ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, കുടുംബങ്ങളിലെ അംഗങ്ങൾ, വാർഷിക വരുമാനം എന്നിവയും ശേഖരിക്കും.

സർക്കാർ പട്ടികയിൽ ജാതി രേഖപ്പെടുത്താത്തവർ ജാതി തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റും വിവരശേഖരണം നടത്തുന്നവർക്ക് മുൻപിൽ ഹാജരാക്കണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ജാതി സെൻസസ് പോർട്ടലിലേക്ക് മൊബൈൽ ആപ്പ് വഴി കൈമാറും. തൊഴിലുറപ്പ് ജീവനക്കാർ, അങ്കൻവാടി ജീവനക്കാർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിൻറെ നാനാതുറകളിൽ ഉള്ളവരെയാണ് സെൻസസ് നടപടികൾക്കായി സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്.

സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന ഓരോരുത്തരും അതത് മേഖലകളിലെ 150 മുതൽ 160 വീടുകളിലെ വിവരങ്ങൾ ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെയ് മാസം അവസാനത്തോടെ സെൻസസ് നടപടികൾ പൂർത്തിയാക്കാനാണ് ബിഹാർ സർക്കാരിൻ്റെ ലക്ഷ്യം. സെൻസസിനായി 500 കോടി രൂപ ആണ് ബിഹാർ സർക്കാർ വകയിരുത്തിയിരിക്കുന്നത്.

Summary: Bihar to start caste census from today

TAGS :

Next Story