Quantcast

നിതീഷ് പുറത്തേക്കോ? മോദിയുടെ രണ്ടാം യോഗവും ബഹിഷ്‌ക്കരിച്ചു

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു വേണ്ടി പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിലും പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും നിതീഷ് പങ്കെടുത്തിരുന്നില്ല

MediaOne Logo

Web Desk

  • Published:

    7 Aug 2022 3:41 PM GMT

നിതീഷ് പുറത്തേക്കോ? മോദിയുടെ രണ്ടാം യോഗവും ബഹിഷ്‌ക്കരിച്ചു
X

പാട്‌ന: ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന രണ്ടാമത്തെ യോഗവും ബഹിഷ്‌ക്കരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നു നടന്ന നിതി ആയോഗ് യോഗത്തിൽ നിതീഷ് പങ്കെടുത്തില്ല. ബി.ജെ.പിയുമായി നിരവധി വിഷയങ്ങളിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് എൻ.ഡി.എ ഘടകകക്ഷി ജെ.ഡി.യു തലവൻ കൂടിയായ നിതീഷ് സുപ്രധാന യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത്.

മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ എന്നിവരാണ് ഇന്നത്തെ നിതി ആയോഗ് യോഗത്തിൽ സംബന്ധിച്ചത്. യോഗത്തിൽ നിതീഷിന്റെ പ്രതിനിധിയും പങ്കെടുത്തിട്ടില്ല. അതിനിടെ, കോവിഡിൽനിന്ന് തൊട്ടുമുൻപാണ് നിതീഷ് മുക്തനായതെന്നും പകരം പ്രതിനിധിയെ അയക്കാൻ ആലോചിച്ചിരുന്നുവെന്നും വിശദീകരണം വന്നിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിമാർക്കു മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. ഇതിനാലാണ് ബിഹാറിൽനിന്ന് ആരും യോഗത്തിനെത്താതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ, ഈ വിശദീകരണങ്ങൾക്കു വിരുദ്ധമായി ഇന്ന് പാട്‌നയിൽ വിവിധ പൊതുപരിപാടികളിൽ നിതീഷ് പങ്കെടുത്തിരുന്നു. ബിഹാറിലെ സെക്രട്ടറിയേറ്റിൽ കൈത്തറി തൊഴിലാളികളുടെ പരിപാടി നിതീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് അടക്കമുള്ള നിരവധി ബി.ജെ.പി നേതാക്കളും പങ്കെടുത്തിരുന്നു.

വൈകീട്ട് ബിഹാർ മ്യൂസിയത്തിൽ കലാ, സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുത്തു. സ്വന്തം മണ്ഡലക്കാരുടെ പരാതികൾ സ്വീകരിക്കാനായി നടത്തുന്ന ജനതാ ദർബാറിലും നാളെ നിതീഷ് പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച നടക്കേണ്ട പരിപാടി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

നിതി ആയോഗിനെതിരെ നേരത്തെയും നിതീഷ് വിമർശനമുയർത്തിയിട്ടുണ്ട്. ആയോഗിന്റെ സംസ്ഥാന വികസന റാങ്കിങ്ങിൽ ബിഹാർ ഏറ്റവും പിറകിലാണെന്നതു ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇതടക്കം വിവിധ വിഷയങ്ങളിൽ നിതീഷിന് എൻ.ഡി.എക്കുള്ളിൽ മുറുമുറുപ്പുണ്ട്.

കഴിഞ്ഞ മാസം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച വിരുന്നിലും നിതീഷ് പങ്കെടുത്തിരുന്നില്ല. പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗവും നിതീഷ് ബഹിഷ്‌ക്കരിച്ചിട്ടുണ്ട്.

Summary: Bihar Chief Minister Nitish Kumar skipped NITI Aayog meeting, chaired by the Prime Minister in Delhi

TAGS :

Next Story