ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍; മുന്നില്‍ ബിഹാറും ജാർഖണ്ഡും യു.പിയും
നീതി ആയോഗിന്‍റെ ദാരിദ്ര്യ സൂചിക പുറത്ത്
ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. നീതി ആയോഗിന്‍റെ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവ് കേരളത്തിലാണ്- 0.71 ശതമാനം.
നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്. ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നു. മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയിൽ നാലാം സ്ഥാനത്താണ്. മേഘാലയ അഞ്ചാം സ്ഥാനത്ത്- 32.67 ശതമാനം.
നീതി ആയോഗിന്‍റെ സൂചിക പ്രകാരം കേരളത്തിലാണ് ഏറ്റവു ദാരിദ്ര്യം കുറവ്- 0.71 ശതമാനം പേര്‍ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിവയാണ് ദാരിദ്ര്യം കുറവുള്ള മറ്റ് സംസ്ഥാനങ്ങള്‍.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര ആൻഡ് നഗർ ഹവേലി (27.36 ശതമാനം), ജമ്മു കശ്മീർ, ലഡാക്ക് (12.58), ദാമൻ & ദിയു (6.82 ശതമാനം), ചണ്ഡീഗഡ് (5.97 ശതമാനം) എന്നിവയാണ് ഏറ്റവും ദരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍. പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവ്- 1.72 ശതമാനം. ലക്ഷദ്വീപ് (1.82 ശതമാനം), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (4.30 ശതമാനം) എന്നിവയുടെ സ്ഥിതിയും മെച്ചമാണ്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇനിഷ്യേറ്റീവും യുഎന്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്‌ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിങ്ങനെ 12 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
Adjust Story Font
16