പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; എസ്.ഐക്ക് സസ്‌പെൻഷൻ
സ്റ്റേഷനകത്ത് അർധനഗ്നനായി ഇരിക്കുന്ന എസ്.ഐയെ ഒരു സ്ത്രീ മസാജ് ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് നടപടിയുണ്ടായത്
പാട്‌ന: ജയിലിലുള്ള മകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെക്കൊണ്ട് മസാജ് ചെയ്യിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ബിഹാറിലെ സഹർസ ജില്ലയിലെ നൗഹട്ടയിലാണ് സംഭവം. പൊലീസ് സ്‌റ്റേഷൻ ചുമതല കൂടിയുള്ള ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായി സഹർസ ജില്ലാ പൊലീസ് സുപ്രണ്ട് ലിപി സിങ് അറിയിച്ചു.
നൗഹട്ടലിയെ ദർഹാർ ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ശശിഭൂഷൻ സിൻഹയാണ് പരാതിക്കാരിയെക്കൊണ്ട് സ്റ്റേഷനിൽ വച്ച് മസാജ് ചെയ്യിച്ചത്. അർധനഗ്നനായി ഇരിക്കുന്ന ശശിഭൂഷണെ ഒരു സ്ത്രീ മസാജ് ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം ഏറെ വിവാദമായത്. ഇതൊടൊപ്പം മറ്റൊരു സ്ത്രീ തൊട്ടുമുന്നിൽ ഇരിക്കുകയും ചെയ്യുന്നുണ്ട്.
മസാജ് ചെയ്യുന്നതിനിടെ അഭിഭാഷകനെന്നു മനസിലാക്കുന്ന മറ്റൊരാളുമായി എസ്.ഐ ഫോണിൽ സംസാരിക്കുന്നുണ്ട്. ഈ സ്ത്രീ പാവപ്പെട്ട കുടുംബത്തിൽനിന്ന് വരുന്നതാണെന്നും മകന്റെ ജാമ്യത്തുകയായി എങ്ങനെയോ 10,000 രൂപ സംഘടിപ്പിച്ചിട്ടുണ്ടെന്നും എസ്.ഐ ഫോണിൽ വിവരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകനായ ഉത്കർഷ് സിങ് ആണ് ഇതിന്റെ വിഡിയോ പുറത്തുവിട്ടത്.
വിഡിയോയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ലെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, വിഡിയോ പുറത്തുവന്നതിനു പിന്നാലെ എസ്.ഐയെ സസ്‌പെൻഡ് ജചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതായി എസ്.പി ലിപി സിങ് പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് സന്തോഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ വകുപ്പുതല നടപടിയുണ്ടാകുമെന്ന് എസ്.പി അറിയിച്ചു.
Summary: Bihar cop suspended for forcing a woman for body massage inside police station
Adjust Story Font
16