ജനാല വഴി ട്രെയ്ൻ യാത്രക്കാരന്റെ മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമം; കള്ളനെ 'കൈയോടെ' തൂക്കി യാത്രക്കാർ
രണ്ട് കൈയും അകത്തായ കള്ളൻ ആകെ പെട്ടു. രക്ഷപെടാൻ നോക്കിയെങ്കിലും കാര്യമുണ്ടായില്ല.
പട്ന: രാത്രിയിൽ ട്രെയ്നിന്റെ ജനാലയിലൂടെ കൈയിട്ട് യാത്രക്കാരന്റെ മൊബൈൽ തട്ടിയെടുക്കാൻ ശ്രമിച്ച കള്ളനെ കൈയോടെ തൂക്കി യാത്രക്കാർ. കിലോമീറ്ററുകളോളം തൂങ്ങിക്കിടന്ന ശേഷം ഒടുവിൽ മോചനം. പട്‌നയിലെ സാഹേബ്പുര്‍ കമല്‍ റെയില്‍വേ സ്റ്റേഷനിൽ ബുധനാഴ്ചയാണ് സംഭവം.
യാത്രക്കാർ കള്ളനെ തൂക്കിയെടുത്തിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ബെഗുസരായിയില്‍ നിന്ന് ഖഗാരിയയിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ സഹേബ്പുര്‍ കമൽ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന കള്ളന്‍ ജനാലയിലൂടെ കൈയിട്ട് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ നോക്കിയത്.
എന്നാല്‍ ട്രെയിനിനകത്തുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ ഉടന്‍ തന്നെ കള്ളന്റെ കൈയില്‍ കയറിപ്പിടിച്ചു. ഇടതുകൈയിൽ മറ്റൊരു യാത്രക്കാരനും പിടികൂടി. ഇതോടെ രണ്ട് കൈയും അകത്തായ കള്ളൻ ആകെ പെട്ടു. രക്ഷപെടാൻ നോക്കിയെങ്കിലും കാര്യമുണ്ടായില്ല.
ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ തന്നെ വെറുതേ വിടണമെന്ന് പ്രതി കരഞ്ഞ് അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാര്‍ പിടിവിട്ടില്ല. കള്ളനേയും കൊണ്ട് ഏകദേശം പത്ത് കിലോമീറ്റര്‍ ട്രെയിന്‍ സഞ്ചരിച്ചു. അപ്പോഴെല്ലാം കരഞ്ഞപേക്ഷിക്കൽ തുടരുകയാണ് കള്ളൻ.
ഖഗാരിയ സ്റ്റേഷനെത്താറായതോടെ ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ ഇനി മേലാൽ ഇത്തരം പണികൾ ആവർത്തിക്കരുതെന്ന് ശാസനയോടെ ആളെ വിട്ടയച്ചു. ഇതോടെ ശ്വാസം നേരെ വീണ കള്ളൻ ഓടി രക്ഷപെടുകയായിരുന്നു. ഈ റൂട്ടിൽ ട്രെയ്ൻ ജനാലകൾ വഴി യാത്രക്കാരുടെ സാധനങ്ങൾ തട്ടിയെടുക്കുന്നത് പതിവാണെന്ന് ആളുകൾ പറയുന്നു.
Adjust Story Font
16