'മതവൈര്യം സംസ്ഥാനത്തിന്റെ ഐടി നേതൃസ്ഥാനമില്ലാതാക്കും'; കർണാടകാ മുഖ്യമന്ത്രിയോട് കോർപറേറ്റ് പ്രതിനിധി
ആദ്യമായാണ് കോർപറേറ്റ് തലത്തിൽ നിന്നൊരാൾ വിഷയത്തിൽ ഇടപെടുന്നത്
കർണാടകയിൽ അരങ്ങേറുന്ന മതവൈര്യം സംസ്ഥാനത്തിന്റെ ഐടി നേതൃപദവിയില്ലാതാക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയോട് ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മസുംദാർ ഷാ. ക്ഷേത്ര ഉത്സവങ്ങളിൽനിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കാൻ ഹിന്ദുത്വ സംഘടനകളുടെ ആഹ്വാന പ്രകാരം തീരുമാനിച്ച സാഹചര്യത്തിലാണ് പ്രതികരണം. ആദ്യമായാണ് കോർപറേറ്റ് തലത്തിൽ നിന്നൊരാൾ വിഷയത്തിൽ ഇടപെടുന്നത്. ടെക്, ബയോടെക് മേഖലകളിൽ സംസ്ഥാനത്തിനുള്ള നേതൃസ്ഥാനം ഈ വർഗീയതയിലൂടെ ഇല്ലാതായേക്കുമെന്ന് ട്വിറ്ററിലെഴുതിയ കുറിപ്പിൽ അവർ ഓർമിപ്പിക്കുകയായിരുന്നു.
'കർണാടക എല്ലാവരെയും ചേർത്തുനിർത്തിയുള്ള സാമ്പത്തിക വികസനമാണ് പടുത്തുയർത്തിയിട്ടുള്ളത്. അത്തരം വർഗീയ വിവേചനം നാം അനുവദിക്കാൻ പാടില്ല. ഇൻഫോർമേഷൻ ടെക്‌നോളജി, ബയോടെക്‌നോളജി രംഗം വർഗീയമായാൽ അതു നമ്മുടെ നേതൃസ്ഥാനം ഇല്ലാതാക്കും. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മ ദയവ് ചെയ്ത് വളർന്നുവരുന്ന ഈ മതപരമായ വിവേചനം അവസാനിപ്പിക്കണം' മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രി പുരോഗമനപരമായി ചിന്തിക്കുന്നയാളാണെന്നും അദ്ദേഹം പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് കരുതുന്നതായും അവർ മറ്റൊരു ട്വീറ്റിൽ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, മുസ്‌ലിം കച്ചവടക്കാരെ വിലക്കിയത് കച്ചവടക്കാരെയെന്ന പോലെ തന്നെ ഉത്സവം നടത്തുന്ന ക്ഷേത്ര കമ്മിറ്റികളെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രണ്ടു ബിജെപി നേതാക്കൾ തന്നെ തീരുമാനത്തിനെതിരെ വന്നിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ എ.എച്ച് വിശ്വനാഥ്, എം.എൽ.എയായ അനിൽ ബേനകെ എന്നിവരാണ് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ക്ഷേത്ര ഉത്സവവേളകളിലടക്കം മുസ്ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധവും ഭ്രാന്തുമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.
കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്ന വിലക്ക്
കർണാടകയിൽ ക്ഷേത്രപരിസരങ്ങളിൽ മുസ്ലിം വ്യാപാരികൾക്ക് കച്ചവട വിലക്കേർപ്പെടുത്തിയ നടപടി കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുകയാണ്. ഉത്സവവേളകളിലും മറ്റ് ക്ഷേത്ര പരിപാടികൾക്കിടയിലുമെല്ലാമാണ് ക്ഷേത്ര പരിസരങ്ങളിൽ മുസ്ലിം വ്യാപാരികൾ കച്ചവടം നടത്തുന്നത് ശിവമോഗ, ദക്ഷിണ കന്നട ജില്ലകളിൽ വിലക്കിയത്. ഇതിനെ ചുവടുപിടിച്ച് ബംഗളൂരു അർബൻ, ഹാസൻ, തുമകുരു, ചിക്മഗളൂരു എന്നീ ജില്ലകളിലും മുസ്ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.2002ലെ കർണാടക റിലീജ്യസ് ഇൻസ്റ്റിറ്റിയൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് പ്രകാരം ക്ഷേത്ര പരിസരങ്ങളിൽ കച്ചവടം നടത്തുന്നതിന് അഹിന്ദുക്കൾക്ക് വിലക്കുണ്ട്. ഇത് എന്നാൽ, ഉത്സവകാലങ്ങളിലും പ്രത്യേക പരിപാടികൾക്കിടയിലും താൽക്കാലികമായി മുസ്ലിം വ്യാപാരികളടക്കമുള്ളവർ കച്ചവടം നടത്തിവരാറുണ്ട്. ഇതുകൂടി പൂർണമായി വിലക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
മുസ്ലിം വ്യാപാരികളെ ക്ഷേത്രപരിസരങ്ങളിൽനിന്ന് പൂർണമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് എവിടെയും ക്ഷേത്രപരിസരങ്ങളിൽ മുസ്ലിം വ്യാപാരികൾ കച്ചവടം നടത്തുന്നത് നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ കർണാടക സർക്കാർ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.അതേസമയം, പുതിയ നീക്കത്തിനെതിരെ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന് സംസ്ഥാനത്ത് ഇടമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സൗഹൃദത്തിന്റെ രാഷ്ട്രീയത്തിനു മാത്രമേ സംസ്ഥാനത്ത് ഇടമുള്ളൂ. സ്വന്തമായി കച്ചവടം നടത്തുന്നത് ഒരാളുടെ മൗലികാവകാശമാണ്. അത് നിരോധിക്കാനുള്ള നീക്കത്തിലൂടെ വിദ്വേഷരാഷ്ട്രീയമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്നും സിദ്ധരാമയ്യ വിമർശിച്ചു.
ഹിജാബ് വിലക്ക് ഉയർത്തിവിട്ട വിവാദങ്ങൾ തുടരവേയാണ് കർണാടകയിൽ ഉത്സവസ്ഥലങ്ങളിൽ മുസ്‌ലിം കച്ചവടക്കാർക്ക് സംഘാടകർ വിലക്കേർപ്പെടുത്തിയാണ്. കോസ്റ്റൽ കർണാടക ഭാഗത്താണ് മുസ്‌ലിം കച്ചവടക്കാരെ പ്രാദേശിക മേളകളിൽനിന്ന് മാറ്റിനിർത്തിയത്. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് തീരുമാനം. നേരത്തെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ കടകളടച്ച് കച്ചവടക്കാർ പ്രതിഷേധിച്ചിരുന്നു.ഏപ്രിൽ, മെയ് മാസങ്ങളിലാണ് സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് വാർഷിക ഉത്സവങ്ങൾ നടക്കാറുള്ളത്. കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാകുന്ന കച്ചവടമാണ് ഇവിടെ നടക്കാറുള്ളത്. ഇതിന് മുമ്പ് ഏതെങ്കിലും സമുദായത്തെ കച്ചവടരംഗത്ത് നിന്ന് മാറ്റിനിർത്താറില്ല. എന്നാൽ ഹൈക്കോടതിയുടെ ഹിജാബ് വിധിക്ക് ശേഷം മുസ്‌ലിംകൾ നടത്തിയ ബന്ദിന് ശേഷം ഉത്സവങ്ങളിൽ അവരെ വിലക്കുകയായിരുന്നു.
ഏപ്രിൽ 20ന് നടക്കുന്ന മഹാലിംഗേശ്വര ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ലേലത്തിൽനിന്ന് മുസ്‌ലിംകളെ വിലക്കിയിരിക്കുകയാണ്. മാർച്ച് 31 ന് നടക്കുന്ന ലേലത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പങ്കെടുക്കാൻ പാടുള്ളൂവെന്ന് അവരുടെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.ഉഡുപ്പി ജില്ലയിലെ കൗപ്പിലുള്ള ഹോസ മാരിഗുഡി ക്ഷേത്രത്തിലും സമാന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 18നാണ് ഇവിടെ ലേലം നടക്കുന്നത്. ഹിന്ദുക്കൾക്ക് മാത്രം കടകൾ തുറക്കാൻ അനുമതി നൽകിയാൽ മതിയെന്ന് കമ്മിറ്റി തീരുമാനിച്ചതായാണ് ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് രമേഷ് ഹെഗ്‌ഡെ അറിയിക്കുന്നത്. ഹിജാബ് വിലക്കിനെതിരെ മുസ്‌ലിംകൾ കടയടച്ചത് ക്ഷേത്രത്തിലെത്തുന്നവരെ പ്രകോപിപ്പിച്ചെന്നാണ് ഹിന്ദു ജാഗരണ വേദികെ മംഗളൂരു ഡിവിഷൻ ജനറൽ സെക്രട്ടറി പ്രകാശ് കുക്കെഹള്ളി പറയുന്നത്.
'നിയമത്തെയും ഭൂമിയെയും ബഹുമാനിക്കാത്തവരും നമ്മൾ ആരാധിക്കുന്ന പശുവിനെ കൊല്ലുന്നവരും ഐക്യത്തിന് എതിരു നിൽക്കുന്നവരും ഇവിടെ കച്ചവടം ചെയ്യാൻ പാടില്ല' എന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബാപ്പനാഡി ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ എഴുതിവെച്ചിരിക്കുന്നത്. എന്നാൽ ആരാണ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും കമ്മിറ്റികൾ പരാതി നൽകിയാൽ നിയമസംഘവുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് പറയുന്നത്.
ഇതിന് മുമ്പ് ഇത്തരം സാഹചര്യമുണ്ടായിരുന്നില്ലെന്നും ഇവിടെ രജിസ്റ്റർ ചെയ്ത 700 പേരിൽ 450 പേരും മുസ്‌ലിംകളാണെന്നുമാണ് ഉഡുപ്പി ജില്ല സ്ട്രീറ്റ് വെൻഡേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ആരിഫ് പറയുന്നത്. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷമായി കച്ചവടമില്ലെന്നും ഇപ്പോൾ ചെറുതായി തുടങ്ങിയപ്പോൾ ക്ഷേത്ര കമ്മിറ്റികൾ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബജ്‌റംഗ് ദൾ പ്രവർത്തകൻ കൊല്ലപ്പെട്ട ശിവമോഗയിലും മുസ്‌ലിം കച്ചവടക്കാരെ മാറ്റി നിർത്തിയിരിക്കുകയാണ്. കോട്ടെ മാരികാംബ ഫെസ്റ്റിവൽ ചൊവ്വാഴ്ച തുടങ്ങിയെങ്കിലും അവർക്ക് പ്രവേശനം നൽകിയിട്ടില്ല. തങ്ങൾ ഒരിക്കലും വർഗീയമായി ചിന്തിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിലടക്കമുള്ള കാമ്പയിനുകൾ മൂലമാണ് ഈ തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് എസ്‌കെ മാരിയപ്പൻ പറഞ്ഞു.
Biocon Executive Chairperson Kiran Masumdar Shah has told Chief Minister Basavaraj Bomma that religious animosity in Karnataka will erode the state's IT leadership.
Adjust Story Font
16