ബിപോർജോയ് ഇന്ന് ഗുജറാത്ത് തീരത്ത്; അന്‍പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രത
ഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തും. ഇതുവരെ അന്‍പതിനായിരത്തോളം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രതാ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഗുജറാത്തിലെ കച്ച്, ദ്വാരക, ജാംനഗർ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും അടച്ചിട്ടുണ്ട്. 18 ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചു.
എൻഡിആർഎഫ് സംഘങ്ങൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ സേനയും സൈന്യവും രംഗത്തുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികള്‍ സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിന് പുറമെ മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
Adjust Story Font
16