രാജ്യത്ത് പക്ഷിപ്പനി മരണം; ഡല്‍ഹി എയിംസില്‍ പതിനൊന്നുകാരന്‍ മരിച്ചു
ആദ്യമായാണ് രാജ്യത്ത് എച്ച്5എന്‍1 മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.
രാജ്യത്ത് പക്ഷിപ്പനി ബാധിച്ചുള്ള ആദ്യ മരണം ഡല്‍ഹി എയിംസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന സ്വദേശിയായ 11 വയസുകാരനാണ് മരിച്ചത്. എച്ച്5എന്‍1 വൈറസാണ് കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് എച്ച്5എന്‍1 മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ജാഗ്രത വേണമെന്നാണ് കേന്ദ്ര നിർദേശം. അതേസമയം, കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.
ഈ വര്‍ഷം തുടക്കത്തില്‍ ഹരിയാനയില്‍ പക്ഷികള്‍ക്കിടയില്‍ എച്ച്5എന്‍8 എന്ന വകഭേദം മൂലമുള്ള പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കേണ്ടി വന്നിരുന്നു. ഈ വകഭേദം മനുഷ്യരിലേക്ക് പടരാനും ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമുള്ള സാധ്യതയില്ലെന്നായിരുന്നു ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നത്.
പക്ഷിപ്പനി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വിരളമാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. എന്നാല്‍, രോഗം ബാധിച്ചാല്‍ 60 ശതമാനമാണ് മരണസാധ്യതയെന്നതാണ് പക്ഷിപ്പനിയെ ഗുരുതരമാക്കുന്നത്.
Adjust Story Font
16