ഒരു മട്ടണ്‍ ബിരിയാണി വാങ്ങിയാല്‍ ചിക്കന്‍ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കലക്ടര്‍
കേട്ടവര്‍ കേട്ടവര്‍ ബിരിയാണിയുടെ രുചിയോര്‍ത്ത് കടയിലേക്കോടി
ഹോട്ടലില്‍ നിന്നുള്ള ദൃശ്യം
ചിറ്റൂര്‍: ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ കട ഉദ്ഘാടന ദിവസം തന്നെ പൂട്ടേണ്ടി വന്നാലോ? വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലുള്ള ബിരിയാണി കടക്കാണ് ഈ ദുര്യോഗം സംഭവിച്ചത്. ഉദ്ഘാടനം പൊലിപ്പിക്കാനായി ഒന്നു വാങ്ങിയാല്‍ ഒന്ന് ഫ്രീ എന്ന ഓഫര്‍ വച്ചതാണ് ബിരിയാണിക്കടക്ക് പുലിവാലായത്.
ഒരു മട്ടണ്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി എന്നതായിരുന്നു കടയുടെ ഓഫര്‍. കേട്ടവര്‍ കേട്ടവര്‍ ബിരിയാണിയുടെ രുചിയോര്‍ത്ത് കടയിലേക്കോടി. ആളുകള്‍ കൂടിക്കൂടി അവസാനം പ്രദേശത്ത് ഗതാഗതക്കുരുക്കായി. കൊടുംചൂടിനെ വകവയ്ക്കാതെ, കാട്പാടി മുതൽ വെല്ലൂർ വരെ നീണ്ടുകിടക്കുന്ന ക്യൂവിൽ 400-ലധികം ആളുകള്‍ ബിരിയാണിക്കായി ക്ഷമയോടെ കാത്തുനിന്നു. കലക്ടര്‍ കുമാരവേലിന്‍റെ കാര്‍ കൂടി കുരുക്കില്‍ പെട്ടതോടെ സംഗതി ആകെ കുളമായി. ഇത്രയും ആളുകളെ പൊരിവെയിലത്ത് നിര്‍ത്തിയതിന് കലക്ടര്‍ കടയുടമയെ ശകാരിച്ചു. കടക്ക് നഗരസഭയുടെ ലൈസന്‍സ് കൂടി ഇല്ലെന്നറിഞ്ഞതോടെ ഷോപ്പ് അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു.
ഇതോടെ തടിച്ചുകൂടിയ ആള്‍ക്കൂട്ടം ബിരിയാണി ലഭിക്കില്ലെന്നറിഞ്ഞതോടെ നിരാശയോടെ പിരിഞ്ഞുപോവുകയും ചെയ്തു. വീണ്ടും കട തുറക്കുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍.
Adjust Story Font
16