Quantcast

യുപിയില്‍ എലിയെ കൊന്ന യുവാവിനെ അറസ്റ്റ് ചെയ്തു; വിവാദമായപ്പോള്‍ അറസ്റ്റ് പിന്‍വലിച്ചു

ഒരുമാസം മുമ്പ് സൈനുൽ ആബിദീൻ ബൈക്ക് ഓടിക്കുമ്പോള്‍, റോഡിന് കുറുകെ വന്ന എലിയെ കൊന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-07-25 05:41:48.0

Published:

25 July 2023 5:39 AM GMT

rat
X

പ്രതീകാത്മക ചിത്രം

നോയിഡ: എലിയെ ബൈക്ക് കയറ്റിക്കൊന്ന സംഭവത്തില്‍ യുവാവിനെ ​യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനെ ആൾക്കൂട്ടം വീട്ടിൽ കയറി മർദിച്ചു. നോയിഡ മാമുറയില്‍ ബിരിയാണിക്കട നടത്തുന്ന സൈനുൽ ആബിദീൻ (24) എന്ന യുവാവാണ് ഞായറാഴ്ച അറസ്റ്റിലായത്.

ഒരുമാസം മുമ്പ് സൈനുൽ ആബിദീൻ ബൈക്ക് ഓടിക്കുമ്പോള്‍, റോഡിന് കുറുകെ വന്ന എലിയെ കൊന്നിരുന്നു. ബൈക്ക് പലതവണ കയറ്റി സൈനുൽ എലിയെ കൊല്ലുന്നത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് ഒരുസംഘം വീട്ടിൽ കയറി സൈനുലിന്‍റെ സഹോദരനെ മർദിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് സൈനുൽ ആബിദീനെ ഫേസ്-3 പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ചുകടന്ന് സഹോദരനെ മർദിച്ച സംഭവത്തിൽ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

“വീഡിയോയിൽ കണ്ടയാ​ൾ സൈനുലാബ്ദീൻ ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, അയാൾക്കെതിരെ ഐ.പി.സി സെക്ഷൻ 290 പ്രകാരം കേസെടുത്തു. ജൂലൈ 23 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്’ എസ്.ഐ വിനീത് കുമാർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തോട് പറഞ്ഞു. എന്നാൽ, എലിയെ കൊന്നതിനല്ല, ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനാണ് സൈനുലിനെതിരെ കേസെടുത്തതെന്ന് ഫേസ്-3 പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസർ പിന്നീട് മാധ്യമങ്ങ​ളോട് പറഞ്ഞു. സംഭവം വിവാദമായതോടെ ​അറസ്റ്റ് നടപടി പിൻവലിച്ച് അദ്ദേഹ​ത്തെ വെറുതെ വിടാൻ ഗൗതം ബുദ്ധ നഗർ പൊലീസ് കമീഷണർ ലക്ഷ്മി സിങ് ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ടവരെ കുറിച്ച് സെൻട്രൽ നോയിഡയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനിൽ കുമാർ യാദവിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ യുപിയില്‍ എലിയെ ഇഷ്ടികയില്‍ കെട്ടി ഓടയിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മറ്റൊരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. നവംബറില്‍ ബദൂനില്‍ നടന്ന സംഭവത്തിലാണ് മുപ്പതുകാരനെതിരെ കേസെടുത്തത്. പ്രാദേശിക മൃഗാവകാശ സംരക്ഷണ പ്രവര്‍ത്തകനായ വികേന്ദ്ര ശര്‍മയാണ് മനോജിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എലിയുടെ വാല്‍ കല്ലില്‍ കെട്ടിയത് ഉയര്‍ത്തിക്കാട്ടിയ ശേഷം ഓടയില്‍ ഇടുന്ന മനോജ്കുമാറിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് വികേന്ദ്രശര്‍മ പരാതി നല്‍കിയത്. അന്ന് പൊലീസ് അറസറ്റ് ചെയ്തെങ്കിലും കോടതി മനോജിന് ജാമ്യം അനുവദിച്ചിരുന്നു.

TAGS :

Next Story