'സൽമാൻ ഖാനെ സഹായിക്കുന്നവർ കരുതിയിരിക്കുക': ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ ബിഷ്‌ണോയ് സംഘം
''ഞങ്ങൾക്ക് ആരുമായും ശത്രുതയില്ല. എന്നാൽ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തേയും സൽമാൻ ഖാനെയും സഹായിക്കുന്നവർ കരുതിയിരിക്കണം''
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ കൊലവിളി മുഴക്കി ബിഷ്‌ണോയ് സംഘം. ബോളിവുഡ് നടൻ സൽമാൻ ഖാനെയും ദാവൂദ് ഇബ്രാഹീമിന്റെ സംഘത്തേയും സഹായിക്കുന്ന എല്ലാവർക്കും ബാബ സിദ്ദീഖിയുടെ അതേ ഗതി തന്നെയാകുമെന്നാണ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി.
നേരത്തെ സൽമാൻ ഖാനെ ലക്ഷ്യമിട്ട് താരത്തിന്റെ വസതിക്ക് നേരെ വെടിയുതിർത്തിരുന്നത് ബിഷ്‌ണോയ് സംഘമാണ്. ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ബിഷ്‌ണോയ് സംഘത്തിന്റെ കൊലപാതകങ്ങളും വെല്ലുവിളികളും തുടരുകയാണ്. ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നിൽ ആദ്യം ആരാണെന്ന് വ്യക്തമായിരുന്നില്ലെങ്കിലും ബിഷ്‌ണോയ് സംഘത്തെ സംശയിച്ചിരുന്നു.
എന്നാൽ മണിക്കൂറുകൾക്ക് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയ് സംഘത്തിന്റെ അസോസിയേറ്റ് ശുഭം രാമേശ്വർ ലോങ്കർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ശുഭു ലോങ്കർ എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നായിരുന്നു പോസ്റ്റ്. ഇദ്ദേഹം ജയിലാലാണെങ്കിലും സഹോദരൻ പ്രവീൺ ലോങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെന്നാണ് കരുതുന്നത്. പ്രവീണിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
ബാബ സിദ്ദീഖിയെ കൊലപ്പെടുത്താനുള്ള കാരണമായി ഈ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്, ദാവൂദ് ഇബ്രാഹീമുമായും സൽമാൻ ഖാനുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ്. മറ്റൊന്ന് സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനൂജ് തപാന്റെ മരണമാണ്. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് അനൂജ് മരിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡയിലിരിക്കെ ഇക്കഴിഞ്ഞ മെയിലാണ് അനൂജിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അനൂജ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുമ്പോൾ പൊലീസ് കസ്റ്റഡിയിലിരിക്കെ ഏറ്റ മർദനമാണ് മരണകാരണമെന്നാണ് അനൂജിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിലെ അന്വേഷണം മറ്റൊരു വഴിക്ക് നടക്കുന്നുണ്ട്.
ഞങ്ങൾക്ക് ആരുമായും ശത്രുതയില്ലെന്നും എന്നാൽ ദാവൂദ് ഇബ്രാഹിമിനെയും സൽമാൻ ഖാനെയും സഹായിക്കുന്നവർ കരുതിയിരിക്കണമെന്നും ഹിന്ദിയിലെഴതിയ കുറിപ്പിൽ ബിഷ്‌ണോയ് സംഘം വ്യക്തമാക്കുന്നു. അതേസമയം കുറിപ്പിന്റെ ആധികാരികതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഭീഷണിക്ക് പിന്നാലെ സൽമാൻ ഖാന്റെ വസതിയിൽ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ബാബ സിദ്ദീഖിയുമായി മികച്ച സൗഹൃദം പുലര്‍ത്തിയിരുന്ന നടനാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാനും ഷാറൂഖും തമ്മിലെ പിണക്കം മാറ്റിയത് സിദ്ദീഖിയാണെന്ന് ബോളിവുഡില്‍ പാട്ടാണ്. സിദ്ദീഖിയുടെ ഇഫ്താര്‍ വിരുന്നില്‍ സല്‍മാന്‍ ഖാന്‍ പലപ്പോഴും അതിഥിയായി എത്താറുണ്ട്. ഇതിന്റെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്യാറുണ്ട്.
അതേസമയം കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവമാണ് സൽമാൻ ഖാനെ ബിഷ്‌ണോയി സംഘം ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാരണം. ബിഷ്‌ണോയ് സമുദയം പവിത്രമായി കാണുന്നതാണ് കൃഷ്ണ മൃഗം. 1998ൽ ഒരു സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണ മൃഗത്തെ സൽമാൻ ഖാൻ വേട്ടയാടി എന്നാണ് ബിഷ്‌ണോയ് സമുദായം ആരോപിക്കുന്നത്.
ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ അദ്ദേഹത്തിന്റെ മകന്‍ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് ശനിയാഴ്ച രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിർത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദീഖിയെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
Adjust Story Font
16