'മദ്രസകളുടെ എണ്ണം കുറയ്ക്കും, രജിസ്‌ട്രേഷൻ നിർബന്ധമാക്കും'; ലക്ഷ്യം പറഞ്ഞ് അസം മുഖ്യമന്ത്രി
തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്ന ചെറിയ മദ്രസകളെ വലുതിൽ ലയിപ്പിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ്
അസമിൽ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്നും രജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. മദ്രസകളിലൂടെ പൊതു വിദ്യാഭ്യാസം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും ശനിയാഴ്ച അദ്ദേഹം അറിയിച്ചു.
'ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറയ്ക്കാൻ ഞങ്ങൾ ലക്ഷ്യമിടുകയാണ്. സ്ഥാപനങ്ങളിൽ പൊതുവിദ്യാഭ്യാസം നടപ്പാക്കുകയും രജിസ്‌ട്രേഷൻ ഏർപ്പെടുത്തുകയും ചെയ്യും. ഇക്കാര്യത്തിൽ സമുദായത്തോടൊപ്പം ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്. അവർ അസം സർക്കാറിനെ സഹായിക്കുന്നുമുണ്ട്' ബിശ്വ ശർമ വ്യക്തമാക്കി.
തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്ന ചെറിയ മദ്രസകളെ വലുതിൽ ലയിപ്പിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഭാസ്‌കർ ജ്യോതി മഹന്ത തിങ്കളാഴ്ച പറഞ്ഞിരുന്നു. സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനായി സർവേ നടന്നുവരികയാണെന്നും മുസ്‌ലിംകൾ വലിയ അളവിലുള്ള അസം 'തീവ്രവാദികളുടെ സ്വാഭാവിക ലക്ഷ്യമാണെ'ന്നും അദ്ദേഹം ആരോപിച്ചു.
ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമിൽ 38 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയവർ പഠിപ്പിക്കുന്ന മൂന്ന് മദ്രസകൾ ഒരാഴ്ചക്കുള്ളിൽ സർക്കാർ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.
അതിനിടെ, ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ലഖിംപൂർ ജില്ലയിൽ ബുൾഡോസർ ഉപയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ നടന്നിരുന്നു. സംരക്ഷിത വനമേഖല കൈയേറിയെന്നു ആരോപിച്ചാണ് കുടിയൊഴിപ്പിക്കൽ നടന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ബുൾഡോസറുകൾ എത്തിയത്. മൊഗുലി ഗ്രാമത്തിലെ 201 കുടുംബങ്ങളെയാണ് ഒറ്റയടിക്ക് ഒഴിപ്പിച്ചത്. പാവ സംരക്ഷിത വനമേഖലയിലെ 200 ഏക്കറാണ് ആദ്യ ദിനം കുടിയൊഴിപ്പിക്കൽ നടത്തിയത്. രണ്ടാം ദിനത്തിൽ 250 ഏക്കർ പ്രദേശത്ത് നിന്നും 299 കുടുംബങ്ങളെ ഇറക്കിവിട്ടു. വീട്ടുപകരണങ്ങളോ ആവശ്യസാധനങ്ങളോ എടുക്കാൻ അനുവദിക്കാതെ കൂട്ട കുടിയൊഴിപ്പിക്കലാണ് നടത്തിയതെന്നു ഇരയായവർ പറയുന്നു. ഇവരുടെ കാർഷിക വിളകളും നശിപ്പിച്ചു. വിളവെടുക്കാറായ കാബേജ്, കോളിഫ്ലവർ, വഴുതന എന്നിവ കൂട്ടത്തോടെ നശിപ്പിച്ചു. മത്സ്യങ്ങളെ വളർത്തിയ ചെറിയകുളങ്ങൾ മണ്ണിട്ട് മൂടി.
അധസോണാ ഗ്രാമത്തിൽ മാത്രം 70 ബുൾഡോസറുകളിലാണ് ഇറക്കിയത്. ഇത് കൂടാതെ ട്രാക്ടറുകളും മറ്റുവാഹനങ്ങളും എത്തിച്ചിരുന്നു. 600 സിആർപിഎഫ് ഭടന്മാരും 200 അംഗ പൊലീസ് സേനയും കുടിയൊഴിപ്പിക്കലിന് എത്തി. 28 വർഷമായി ആളുകൾ താമസിക്കുന്ന വീടുകളാണ് ഇടിച്ചു നിരത്തിയത്. കഴിഞ്ഞ 7 വർഷമായി കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകാറുണ്ടെന്നു അധികൃതർ പറയുന്നു. മനുഷ്യത്വ രഹിതവും ഏകപക്ഷീയവുമായ നടപടിയാണ് ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഓൾ ആസാം മൈനോറിറ്റി സ്റ്റുഡന്റസ് യൂണിയൻ വ്യക്തമാക്കി.
Chief Minister Himant Biswa Sharma said that the number of madrasas in Assam will be reduced and registration will be made mandatory
Adjust Story Font
16