യുഎസ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു: ആരോപണവുമായി ബിജെപി
‘രാഹുൽ ഗാന്ധി അന്താരാഷ്ട്ര ശക്തികളുമായി ചേർന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നു’
ന്യൂഡൽഹി: യുഎസ് വിദേശകാര്യ മന്ത്രാലയത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ യുഎസ് വിദേശകാര്യ മന്ത്രാലയവും ഡീപ് സ്റ്റേറ്റ് ശക്തികളും ശ്രമിക്കുന്നുവെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒരുകൂട്ടം അന്വേഷണാത്മക മാധ്യമപ്രവർത്തകരും ഈ നീക്കത്തിൽ പങ്കാളികളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വെച്ചാണ് ഈ നടപടികളെന്നും ബിജെപി ആരോപിച്ചു.
അന്താരാഷ്ട്ര ശക്തികളുമായി ചേർന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി 'ഏറ്റവും ഉയർന്ന നിലയിലുള്ള രാജ്യദ്രോഹി' ആണെന്നും ബിജെപി ആഞ്ഞടിച്ചു. രാഹുൽ ഗാന്ധിയുടെ അജണ്ടകൾക്ക് പിന്നിൽ എപ്പോഴും അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഉണ്ടെന്നും ബിജെപി കുറ്റപ്പെടുത്തി. ബി.ജെ.പി എം.പിമാരായ കെ. ലക്ഷ്മണും സംബിത് പത്രയും ഫ്രഞ്ച് മാധ്യമമായ 'മീഡിയപാർട്ടിലെ' റിപ്പോർട്ട് ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ലോക്സഭയിലാണ് ആരോപണം ഉന്നയിച്ചത്.
ശതകോടീശ്വരനും നിക്ഷേപകനുമായ ജോർജ്ജ് സോറോസ്, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ, അന്വേഷണാത്മക മാധ്യമ പ്ലാറ്റ്‌ഫോമായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) എന്നിവക്കൊപ്പം ചേർന്ന് രാഹുൽ ഗാന്ധി ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ഭരണമാറ്റത്തിനായി പൊതുജനങ്ങളിൽ അതൃപ്തി സൃഷ്ടിക്കാനുമായി പ്രവർത്തിക്കുന്നു എന്നായിരുന്നു പത്ര ലോക്സഭയിൽ പറഞ്ഞത്. " രാഹുൽ ഗാന്ധി ഏറ്റവും ഉയർന്ന തരത്തിലുള്ള രാജ്യദ്രോഹിയാണെന്ന് പറയാൻ എനിക്ക് യാതൊരു മടിയുമില്ല," അദ്ദേഹം വ്യക്തമാക്കി. ഒസിസിആർപിക്ക് ധനസഹായം നൽകുന്നത് യുഎസ് ഏജൻസി ഫോർ ഇൻറർനാഷണൽ ഡെവലപ്‌മെൻറും സോറോസിനെപ്പോലുള്ള ഡീപ് സ്റ്റേറ്റുമായി ബന്ധപ്പെട്ട വ്യക്തികളുമാണെന്ന് ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
മോദിയെ ആക്രമിക്കാനായി അദാനി ഗ്രൂപ്പിനെക്കുറിച്ചും സർക്കാരുമായുള്ള അടുപ്പത്തെക്കുറിച്ചും ഉള്ള ഏകപക്ഷീയമായ ഒസിസിആർപിയുടെ ലേഖനങ്ങൾ പ്രതിപക്ഷം ഉപയോഗിച്ചുവെന്നും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും മറ്റു ഏഴ് പേർക്കുമെതിരെ അമേരിക്കൻ കോടതി കഴിഞ്ഞ മാസം കുറ്റം ചുമത്തിയിരുന്നു. സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ ലക്ഷ്യമിട്ട് കേന്ദ്രം പിന്തുണ നൽകുന്ന ഹാക്കർമാർ ഇസ്രായേൽ നിർമ്മിത പെഗാസസ് സ്പൈവെയർ ഉപയോഗിക്കുന്നതായി ഒസിസിആർപിയുടെ ലേഖനങ്ങൾ ആരോപിച്ചിരുന്നു. ഈ രണ്ട് ആരോപണങ്ങളും കേന്ദ്രം നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദശകങ്ങളായി ശക്തമായ നയതന്ത്ര ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. വരും വർഷങ്ങളിൽ ബന്ധം കൂടുതൽ ദൃഢപ്പെടുത്തുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ബിജെപിയുടെ ആരോപണങ്ങൾ.
Adjust Story Font
16