ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി
ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ബെംഗളൂരു: മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാൻ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകർത്താൻ ശ്രമിച്ചവരോട് ഇയാൾ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നിൽക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.
Congress Bangalore central loksabha candidate Mansoor Ali Khan registered a Complaint to ECI that a BJP agent was accompanying ECI officials while doing postal voting of elderly citizens. Waiting for an explanation and action from ECI @ceo_karnataka @SpokespersonECI @ECISVEEP pic.twitter.com/NKQOt3BNmR
— Mohammed Zubair (@zoo_bear) April 13, 2024
85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വീട്ടിൽനിന്ന് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുള്ളത്. ഇത്തരത്തിൽ വോട്ട് ചെയ്യേണ്ടവർ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷ നൽകണം. അപേക്ഷകൾ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടർന്ന് പോളിങ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.
Adjust Story Font
16