ഏക സിവിൽകോഡിനെതിരെ ബി.ജെ.പി സഖ്യകക്ഷി എ.ഐ.എ.ഡി.എം.കെയും
'ഏക സിവിൽകോഡ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കും'
എടപ്പാടി പളനിസാമിയുടെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെ സംഘം അമിത് ഷായെ സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍ ചിത്രം)
ചെന്നൈ: ഏക സിവിൽകോഡിനെതിരെ ബി.ജെ.പി സഖ്യകക്ഷി എ.ഐ.എ.ഡി.എം.കെയും. ഏക സിവിൽകോഡിനെതിരായ പഴയ നിലപാടിൽനിന്ന് ഒരു മാറ്റവുമില്ലെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസാമി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പുതിയ ഏക സിവിൽകോഡ് നീക്കത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് പളനിസാമിയുടെ മറുപടി ഇങ്ങനെയായിരുന്നു: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രകടനപത്രിക വായിക്കൂ. അതിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.'
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമായിരിക്കുമോ എ.ഐ.എ.ഡി.എം.കെ മത്സരിക്കുകയെന്ന ചോദ്യത്തോട് ഇപ്പോൾ തെരഞ്ഞെടുപ്പില്ലെന്നായിരുന്നു പളനിസാമിയുടെ പ്രതികരണം. 'തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷമുണ്ട്. ഇപ്പോൾ അടിയന്തരാവസ്ഥയൊന്നുമില്ല. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആർക്കൊപ്പം സഖ്യംചേരുമെന്ന് ഉറപ്പായും അറിയിക്കും. ബി.ജെ.പിയുമായുള്ള സഖ്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണ്. ആവശ്യമായ സമയത്ത് എല്ലാം വ്യക്തമാക്കും-അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമാണ് എ.ഐ.എ.ഡി.എം.കെ ജനവിധി തേടിയതെങ്കിലും പ്രകടനപത്രികയിൽ ഏക സിവിൽകോഡിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. ഏക സിവിൽകോഡിനുവേണ്ടി ഭരണഘടന ഭേദഗതി ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നാണ് എ.ഐ.എ.ഡി.എം.കെ പ്രകടനപത്രികയിലെ 'മതേതരത്വം' എന്ന ഭാഗത്ത് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും ഇതിൽ പറയുന്നുണ്ട്.
ഏക സിവിൽകോഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ എൻ.ഡി.എ ഘടകകക്ഷി നാഷനൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി)യും രംഗത്തെത്തിയിരുന്നു. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും ഏക സിവിൽകോഡ് ഇന്ത്യ എന്ന ആശയത്തിനെതിരാണെന്നുമാണ് എൻ.പി.പി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പ്രതികരിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തനതു സംസ്‌കാരം മാറ്റാൻ ഒരു നിയമത്തിനുമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗോത്രവിഭാഗങ്ങളെ ഏക സിവിൽ കോഡിൽനിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി എം.പിയും പാർലമെന്റിന്റെയ നിയമസമിതി ചെയർമാനുമായ സുശീൽകുമാർ മോദിയും ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഗോത്രവർഗക്കാർക്ക് നിയമത്തിൽനിന്ന് ഇളവ് നൽകണമെന്നാണ് ആവശ്യം.
Summary: BJP ally AIADMK against Uniform Civil Code, says it hasn’t changed its stand
Adjust Story Font
16